കെവിന്‍ കൊലക്കേസിലെ മുഖ്യപ്രതി ഷാനുവും എസ്.പിയും ബന്ധുക്കള്‍!!! ആരോപണവുമായി കോടതിയില്‍ അറസ്റ്റിലായ എ.എസ്.ഐ

കോട്ടയം: കെവിന്‍ വധക്കേസിലെ മുഖ്യപ്രതി ഷാനുവും കോട്ടയം മുന്‍ എസ്.പി മുഹമ്മദ് റഫീഖും ബന്ധുക്കളാണെന്ന് എ.എസ്.എസ് ബിജു. ഷാനുവിന്റെ അമ്മയുടെ ബന്ധുവാണ് മുന്‍ എസ്പിയെന്ന് കേസില്‍ അറസ്റ്റിലായ ബിജുവിന്റെ ആരോപണം. എഎസ്ഐയുടെ അഭിഭാഷകനാണ് ഏറ്റുമാനൂര്‍ കോടതിയില്‍ ആരോപണം ഉന്നയിച്ചത്. എസ്പിക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് നിര്‍ദേശം നല്‍കി.

കോട്ടയത്തെ വീട്ടില്‍ നിന്നും കെവിനെ കാണാതായ സംഭവത്തില്‍ കോട്ടയം എസ്.പിയായിരുന്ന മുഹമ്മദ് റഫീഖ് മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റിദ്ധരിപ്പിച്ചതായും ഇക്കാര്യത്തില്‍ വകുപ്പ് തല അന്വേഷണം നടത്താനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് റഫീഖിനെതിരെ ആരോപണവുമായി എ.എസ്.ഐ രംഗത്തെത്തിയിരിക്കുന്നത്.

കോട്ടയത്ത് പരിപാടി നടക്കുന്നതിനിടെയാണ് കെവിനെ തട്ടിക്കൊണ്ട് പോയത് അറിഞ്ഞ മുഖ്യമന്ത്രി ഉടന്‍ തന്നെ കോട്ടയം എസ്.പിയെ കോട്ടയം ടി.ബിയിലേക്ക് വിളിച്ച് വരുത്തി കെവിനെ കണ്ടെത്തണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. സംഭവത്തില്‍ കോട്ടയം ഡി.വൈ.എസ്.പി അന്വേഷണം നടത്തുന്നുണ്ടെന്നാണ് എസ്.പി മുഖ്യമന്ത്രിയെ ധരിപ്പിച്ചത്. എന്നാല്‍ ഇതിന് ശേഷം മാത്രമാണ് അന്വേഷണ ചുമതല ഡി.വൈ.എസ്.പിയെ ഏല്‍പ്പിച്ചത്. റഫീഖിന്റെ ഈ നിലപാട് പ്രതികളെ സഹായിക്കാനായിരുന്നെന്ന് സംശയവുമുണ്ട്. ഈ സാഹചര്യത്തില്‍ എ.എസ്.ഐയുടെ ആരോപണം റഫീഖിനെ പ്രതിക്കൂട്ടില്‍ ആക്കിയിരിക്കുകയാണ്.

കെവിന്‍ വധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ.എസ്.ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്കെതിരെ ഭീഷണിപ്പെടുത്തി കൈക്കൂലിവാങ്ങിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വധക്കേസില്‍ പ്രതിചേര്‍ത്താല്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം. അതേസമയം, തട്ടിക്കൊണ്ടു പോകാന്‍ വന്നവര്‍ക്ക് ഒരു സഹായവും ചെയ്തുകൊടുത്തില്ലെന്നാണ് അജയകുമാറിന്റെയും ബിജുവിന്റെയും മൊഴി.

pathram desk 1:
Related Post
Leave a Comment