കെവിന്റ മരണത്തില്‍ പോലീസുകാരുടെ പങ്ക്, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ന്യൂഡല്‍ഹി: പ്രണയ വിവാഹത്തിന്റെ പേരില്‍ കോട്ടയം സ്വദേശി കെവിന്‍ ജോസഫിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊലപാതകത്തില്‍ രണ്ട് പോലീസുകാര്‍ക്കും പങ്കുണ്ടെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.

കെവിന്റെ മാന്യമായി ജീവിക്കാനുളള അവകാശം ഇല്ലാതാക്കിയതില്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും വിമര്‍ശനമുണ്ട്. പരിഷ്‌കൃത സമൂഹത്തില്‍ ഒരിക്കലുമുണ്ടാകരുതാത്ത സംഭവമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് കമ്മീഷന്‍ വ്യക്തമാക്കി. സംഭവത്തില്‍ പ്രതികളായവര്‍ക്കു വേണ്ടി പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതായും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നോട്ടീസയച്ച കമ്മീഷന്‍, നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കാനും നിര്‍ദേശിച്ചു.

ദുരഭിമാനക്കൊലയില്‍ പ്രതികള്‍ക്ക് അധികാര കേന്ദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് സഹായം ലഭിച്ചതായി ഏറ്റുമാനൂര്‍ കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു. ആരോ ഇരക്കും വേട്ടക്കാരനും ഒപ്പം സഞ്ചരിക്കുന്നുവെന്നും കോടതി സംശയം പ്രകടിപ്പിച്ചു. സംഭവം സാധാരണക്കാരന്റെ സുരക്ഷയെ ചോദ്യം ചെയ്യുന്നതാണെന്നും ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് നിരീക്ഷിച്ചു. ദുരഭിമാനക്കൊല കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. ആരൊക്കെയാണ് ഇവര്‍ക്ക് സഹായം നല്‍കിയതെന്ന് കണ്ടെത്തണമെന്ന് കസ്റ്റഡി റിപ്പോര്‍ട്ടില്‍ കോടതി നിര്‍ദേശിച്ചു.

pathram desk 2:
Related Post
Leave a Comment