വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് നീനുവിന്റെ പിതാവും സഹോദരനും തന്നെ കാണാന്‍ വന്നിരുന്നു

കോട്ടയം: കെവിന്റെയും നീനുവിന്റെയും വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും തന്നെ കാണാന്‍ വന്നിരുന്നെന്ന് കെവിന്റെ പിതാവ് ജോസഫസ്. തന്റെ വര്‍ക്ഷോപ്പിലെത്തിയാണ് മക്കള്‍ തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹം നടത്തിക്കൊടുക്കാമെന്നും ഇവര്‍ സമ്മതിച്ചതായും ജോസഫ് പറഞ്ഞത്. എസ്എച്ച് മൗണ്ടിന് സമീപം ടൂവീലര്‍ വര്‍ക്ഷോപ്പ് നടത്തുകയാണ് ജോസഫ്. കുറച്ചുനാള്‍ മുന്‍പ് ഒരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാണെന്ന സൂചന കെവിന്‍ നല്‍കിയിരുന്നു. പക്ഷേ പിന്നീട് അതേക്കുറിച്ച് സംസാരിച്ചിരുന്നില്ല.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ നീനുവിന്റെ അച്ഛന്‍ ചാക്കോ വര്‍ക്ഷോപ്പിലെത്തി. മക്കളുടെ വിവാഹം നടത്തിക്കൊടുക്കാമെന്നും നീനു എവിടെയെന്നും ചോദിച്ചു. എന്നാല്‍ താന്‍ നീനുവിനെ കണ്ടിട്ടില്ലെന്നും വിവാഹകാര്യം വീട്ടില്‍വെച്ച് സംസാരിക്കാമെന്നും പറഞ്ഞപ്പോള്‍ അവര്‍ തിരിച്ചു പോയി.

പിറ്റേന്നു രാവിലെ പോലീസിന്റെ വിളി വന്നു. മകന്‍ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോന്നിട്ടുണ്ടെന്നു പറഞ്ഞു. സ്റ്റേഷനില്‍ ചെന്നപ്പോള്‍ കെവിനും നീനുവും വീട്ടുകാരും ഉണ്ടായിരുന്നു. മക്കള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്നതിന്റെ രേഖകള്‍ കാണിച്ചിട്ടും പോലീസ് നോക്കാന്‍ തയ്യാറായില്ല. ബലം പ്രയോഗിച്ച് നീനുവിനെ കൊണ്ടുപോകാന്‍ അനുവദിച്ചു.

ചാക്കോ വലിച്ചിഴച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും നീനു വഴങ്ങിയില്ല. കെവിനൊപ്പം പോകണമെന്ന് പറഞ്ഞ് കരഞ്ഞു. ഇതോടെ സ്റ്റേഷനല്‍ എഴുതിവെച്ച ശേഷം കെവിനൊപ്പം അയച്ചു. പിറ്റേന്ന് ശനിയാഴ്ച വീണ്ടും ചാക്കോയും ഒപ്പം ഷാനുവും വര്‍ക്ഷോപ്പിലെത്തി. നീനു എവിടെയാണെന്ന് ചോദിച്ചു. അറിയില്ലെന്ന് പറഞ്ഞപ്പോള്‍ മടങ്ങി. പിന്നീട് ഞായറാഴ്ച വെളുപ്പിനെ കെവിനെ തട്ടിക്കൊണ്ടു പോയെന്ന് പറഞ്ഞ് മാന്നാനത്ത് അനീഷിന്റെ അയല്‍ക്കാരില്‍ നിന്ന് ഫോണ്‍ വന്നപ്പോഴാണ് വിവരങ്ങള്‍ അറിഞ്ഞത്.

pathram desk 1:
Related Post
Leave a Comment