ചികിത്സയ്ക്ക് പോയ ഇര്‍ഫാന്‍ ഖാന്‍ ഗ്യാലറിയിലിരുന്ന് കളി കാണുന്നു!!! ചിത്രം വൈറല്‍

ഇര്‍ഫാന്‍ ഖാന് അപൂര്‍വ്വ രോഗം ആരാധകരേയും ബോളിവുഡിനേയും ഒരേപോലെ ഞെട്ടിച്ചിരിന്നു. ന്യൂറോ എന്‍ട്രോക്രൈന്‍ എന്ന അപൂര്‍വ്വ രോഗത്തില്‍ നിന്ന് നടന്‍ സുഖം പ്രാപിച്ചുവരാന്‍ പലരും പ്രാര്‍ത്ഥിച്ചു. തനിക്ക് കാന്‍സര്‍ ആണെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഇര്‍ഫാന്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. അതിനുശേഷം അദ്ദേഹം ചികില്‍സയ്ക്കായി ഇംഗ്ലണ്ടിലേക്ക് പോയി. അതിനുശേഷം താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുളള യാതൊരുവിവരവും പുറത്തുവന്നില്ല.

കഴിഞ്ഞ ദിവസമാണ് ഇര്‍ഫാന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ ഷൂജിത് സിര്‍കര്‍ ഒരു സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. ഇര്‍ഫാന്‍ സുഖമായിരിക്കുന്നുവെന്നും സ്വാതന്ത്ര്യ സമര സേനാനി ഉദ്ദം സിങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കി താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകനായി താരം ഉടന്‍ മടങ്ങിയെത്തുമെന്നും പറഞ്ഞു. ഇതുകേട്ട ആരാധകര്‍ക്കും ഏറെ സന്തോഷമായി.

ഷൂജിത് സിര്‍കര്‍ പറഞ്ഞത് സത്യമാണെന്ന തരത്തിലുളള ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ലണ്ടനിലെ ലോര്‍ഡ്സില്‍ ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ ടെസ്റ്റ് മല്‍സരം കാണാന്‍ ഗ്യാലറിയില്‍ ഇരിക്കുന്ന ഇര്‍ഫാന്‍ ഖാന്റെ ചിത്രമാണ് പുറത്തുവന്നത്. പാക്കിസ്ഥാന്‍ ചാനലിലെ വാര്‍ത്താ അവതാരകയായ സൈനബ് അബ്ബാസ് ആണ് തന്റെ ട്വിറ്ററിലൂടെ ചിത്രം പുറത്തുവിട്ടത്.

ചിത്രം കണ്ടവരില്‍ ചിലര്‍ അത് ഇര്‍ഫാന്‍ ആണെന്നും മറ്റു ചിലര്‍ അല്ലെന്നും വാദിക്കുന്നുണ്ട്. ചികില്‍സയില്‍ കഴിയുന്ന ഇര്‍ഫാന്‍ എങ്ങനെയാണ് ക്രിക്കറ്റ് മല്‍സരം കാണാനെത്തുക എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാല്‍ അത് ഇര്‍ഫാന്‍ ആണങ്കില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതില്‍ സന്തോഷിക്കുന്നുവെന്നും ഒരു വിഭാഗം പറയുന്നു.

pathram desk 1:
Related Post
Leave a Comment