കെവിനെ തട്ടിക്കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പ് ഷാനു ഉള്‍പ്പെട്ട സംഘത്തെ പോലീസ് പിടികൂടി വിട്ടയച്ചു; പോലീസിന്റെ ഭാഗത്ത് ഗുരതര വീഴ്ച, പ്രതികള്‍ക്ക് പോലീസ് ഒത്താശ ചെയ്ത് കൊടുക്കുന്ന സംഭാഷണം പുറത്ത്

കോട്ടയം: കെവിന്‍ കൊലപാതകത്തില്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് സാധൂകരിക്കുന്ന തെളവുകള്‍ പുറത്ത്. കെവിനെ തട്ടിക്കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പ് മുഖ്യപ്രതി ഷാനു ചാക്കോ ഉള്‍പ്പെടെയുള്ളവരെ പൊലീസ് പെട്രോളിങ് സംഘം പിടികൂടിയതിന് തെളിവ്. കെവിന്റെ വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ കണ്ടെങ്കിലും ചിത്രം പകര്‍ത്തി പോലീസ് വിട്ടയക്കുകയായിരുന്നു.

ഇതിനു പിന്നാലെയാണ് വീടാക്രമിച്ച് കെവിനേയും സുഹൃത്തിനയും സംഘം തട്ടിക്കൊണ്ടുപോയത്. പ്രതികളെ പുലര്‍ച്ചെ നാലുമണിയോടെ തിരിച്ചറിഞ്ഞെങ്കിലും പൊലീസ് അന്വേഷണം തുടങ്ങിയത് പതിനേഴ് മണിക്കൂറുകള്‍ക്ക് ശേഷമാണ്. തെന്മല പൊലീസിന് വിവരം കൈമാറിയിട്ടും നടപടിയുണ്ടായില്ല.

മുഖ്യമന്ത്രിയുടെ കോട്ടയം സന്ദര്‍ശനത്തിന്റെ സുരക്ഷാനടപടികളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 38 മൊബൈല്‍ പൊലീസ് വാഹനങ്ങള്‍ ജില്ലയില്‍ പരിശോധന നടത്തിയ ഞായര്‍ രാത്രിയാണ് അക്രമിസംഘം കെവിനെ തട്ടിക്കൊണ്ടുപോയത്. അതായത് പൊലീസ് റോന്ത് ചുറ്റുമ്പോഴും അതൊന്നും ക്രിമിനലുകള്‍ക്ക് പ്രശ്നമേ ആയിരുന്നില്ല. ഇവര്‍ എങ്ങനെ മുഖ്യമന്ത്രിക്ക് പഴുതുകള്‍ അടച്ചുള്ള സുരക്ഷ ഒരുക്കുമെന്ന സംശയവവും ബാക്കി.

കെവിനെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ സംഘത്തിന്റെ വാഹനം ഞായറാഴ്ച പുലര്‍ച്ചെ ഗാന്ധിനഗര്‍ പൊലീസ് പരിശോധിച്ചിരുന്നതായി വിവരവും പുറത്തുവന്നു. പൊലീസ് ചോദിച്ചപ്പോള്‍ ‘മാന്നാനത്ത് ഒരു കല്യാണമുണ്ടെന്നും വീട് അന്വേഷിക്കുകയാണ്’ എന്നുമായിരുന്നു മറുപടി. ഇത് മുഖവിലയ്ക്കെടുത്ത് കുറ്റവാളികളെ വിട്ടയച്ചു. എഎസ്ഐയ്ക്ക് കൈക്കൂലി നല്‍കിയെന്നും ആരോപണമുണ്ട്. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് കെവിനെ കൊലപ്പെടുത്തിയ ശേഷം ഷാനു ചാക്കോ പൊലീസിനെ വിളിച്ചതെന്നാണ് സൂചന.

കെവിന്‍ കൊല്ലപ്പെട്ടതല്ലെന്നും അപകടത്തില്‍ മരിച്ചതാണെന്നും വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം പൊലീസും നടത്തി. അതിനുള്ള സഹായം തേടലായിരുന്നു ഷാനുവിന്റെ ഫോണ്‍ സംഭാഷണം. ഇതോടെ കേസില്‍ പൊലീസുകാരേയും പ്രതിയാക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ ഇത് ചെയ്യില്ലെന്ന നിലപാടിലാണ് ആഭ്യന്തരവകുപ്പ്.

കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ ഷാനു ചാക്കോയും ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും ഞായറാഴ്ച പുലര്‍ച്ചെ നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തായിരിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ 5.35 നാണ് ഷാനുവിനോട് പൊലീസ് സംസാരിച്ചത്. കെവിന്‍ മരിച്ച ശേഷമാണ് ഈ സംഭാഷണമുണ്ടായതെന്നാണ് സംശയം.

സംഭാഷണത്തില്‍നിന്ന്:

ഷാനു : പറ സാറേ. കേട്ടോ, മറ്റവന്‍ (കെവിന്‍) നമ്മുടെ (?) കയ്യില്‍നിന്നു ചാടിപ്പോയി. അവന്‍ ഇപ്പോള്‍ അവിടെ വന്നു കാണും.

പൊലീസ് : അവനെവിടുന്നാണ് ചാടിപ്പോയത്. അങ്ങ് എത്തിയാണോ പോയത്.

ഷാനു: (നീരസത്തോടെ) ഏ… എവിടെയോ വച്ചു പോയി. അതെനിക്കറിയില്ല. ഞാന്‍ വേറെ വണ്ടീലാണു വന്നത്. അതിവന് (അനീഷിന്) അറിയാം. എന്റെ ഭാവി തൊലയ്ക്കാന്‍ എനിക്കു വയ്യ. ഞങ്ങക്ക് കൊച്ചിനെ (നീനു) വേണം. പിന്നെ സാറിന്… ഒരു റിക്വസ്റ്റാണ്. ഞങ്ങള്‍ ചെയ്തതു തെറ്റാണ്. ന്യായീകരിക്കാനില്ല. ഞങ്ങള്‍ പുള്ളിക്കാരനെ (അനീഷ്) സുരക്ഷിതമായി നിങ്ങടെ കയ്യില്‍ എത്തിച്ചു തരാം.

ഓകെ? പിന്നെ വീട്ടില്‍ എന്തെങ്കിലും നശിപ്പിച്ചിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം കൊടുക്കാം. ഓകെ?

പൊലീസ്: എന്തോ ടിവിയൊക്കെ തല്ലിപ്പൊട്ടിച്ചിട്ടുണ്ട്. കതകും തകര്‍ത്തു.

ഷാനു: അതു ചെയ്യാം. കുറച്ചു പൈസ കൊടുക്കാം. കോണ്‍ടാക്ട് നമ്പറും പുള്ളിക്കാരനു കൊടുക്കാം. പക്ഷേ.. കൊച്ചിനോടൊന്നു (നീനു) പറഞ്ഞു തിരിച്ചുതരാന്‍ പറ്റുവാണെങ്കില്‍… തരിക. ഞാന്‍ കാലു പിടിക്കാം.

പൊലീസ്: എന്നെക്കൊണ്ടാകുന്നതു ഞാന്‍ ചെയ്തു തരാം, സാനു.

ഷാനു: എനിക്കൊരു കുടുംബമുണ്ട്. കല്യാണം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളൂ.

പൊലീസ് : എന്നെക്കൊണ്ടു പറ്റാവുന്നതു ഞാന്‍ ചെയ്തുതരാം.

ഷാനു : ഓകെ.

pathram desk 1:
Related Post
Leave a Comment