കെവിന്‍ വധക്കേസില്‍ ഗാന്ധിനഗര്‍ എസ്.ഐയും എ.എസ്.ഐയും പ്രതികളാകും; തട്ടിക്കൊണ്ടുപോകല്‍ നടന്നത് പോലീസിന്റെ അറിവോടെയെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ട്

കോട്ടയം: കെവിന്റെ കൊലപാതകക്കേസില്‍ പൊലീസ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി കൊച്ചി റേഞ്ച് ഐജിയുടെ റിപ്പോര്‍ട്ട്. കേസില്‍ ഗാന്ധിനഗര്‍ എസ്.ഐയും എ.എസ്.ഐയും പ്രതികളാകും. തട്ടിക്കൊണ്ട് പോകല്‍ നടന്നത് പോലീസിന്റെ അറിവോടെയാണെന്നും ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആയിരുന്ന ബിജുവിന് തട്ടിക്കൊണ്ട്പോകലിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളുമായി എ.എസ.്ഐ രണ്ട് തവണ സംസാരിച്ചു. എസ്.ഐ ഷിബു വിവരം അറിഞ്ഞത് തട്ടിക്കൊണ്ടുപോകലിന് ശേഷമാണ്.

കുറ്റകൃത്യത്തില്‍ പോലീസ് നേരിട്ട് പങ്കാളിയായി എന്ന് തെളിയിക്കുന്ന വിവരങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. ഇതിന്മേല്‍ സത്വര നടപടിക്ക് ഉടന്‍ ശുപാര്‍ശ ചെയ്യും. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പോലീസുദ്യോഗസ്ഥര്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തേക്കുമെന്നാണ് വിവരം.

കെവിനെ തട്ടിക്കൊണ്ടുപോയ ഷാനു ചാക്കോ അടക്കമുള്ളവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചുവെന്ന് കെവിന്റെ അച്ഛന്‍ മുമ്പ് പറഞ്ഞിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് ഐജിയുടെ റിപ്പോര്‍ട്ട്. പ്രാദേശിക സഹായം പോലീസില്‍ നിന്നു തന്നെയാണ് പ്രതികള്‍ക്ക് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതിനിടെ കെവിനെ തട്ടിക്കൊണ്ടുപോയതിന് ശേഷം നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ പോലീസുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നു. കെവിന്‍ തങ്ങളുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടെന്നും ബന്ധുവായ അനീഷിനെ വിട്ടയയ്ക്കാന്‍ തയ്യാറാണെന്നും സംഭാഷണത്തില്‍ പറയുന്നു.

pathram desk 1:
Related Post
Leave a Comment