കുമ്മനം മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു; പ്രതിഷേധവുമായി വിവിധ സംഘടനകള്‍

ഐസ്വാള്‍: മിസോറാമിന്റെ 23ാമത് ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച രാവിലെ 11ന് ഐസ്വാളിലെ രാജ്ഭവനില്‍ ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിനുമുന്നിലാണ് സത്യപ്രതിജ്ഞ ചെയ്തത്. റിട്ടയേഡ് ലഫ്. ജനറല്‍ നിര്‍ഭയ് ശര്‍മയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനത്തെ ഗവര്‍ണറായി നിയമിച്ചത്.

അവസാന ശ്വാസം വരെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്ന് ഗവര്‍ണറായി ചുമതലയേറ്റ കുമ്മനം പറഞ്ഞു. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചുമതലയെല്‍ക്കും മുമ്പ് കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുക കൂടിയായിരുന്നു കുമ്മനം.

ബിജെപി അധ്യക്ഷനായുള്ള തന്റെ ചുമതലകള്‍ അവസാനിച്ചു. ബിജെപിയ്ക്ക് സങ്കീര്‍ണ്ണമായ പശ്ചാത്തലത്തില്‍ കേരളത്തിലെ ബിജെപി അധ്യക്ഷ പദവി വെല്ലുവിളി നിറഞ്ഞതായിരുന്നു. തന്റെ കഴിവിന്റെ പരമാവതി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നാണ് വിശ്വാസം. എല്ലാത്തിനും പിന്തുണ നല്‍കി ഒപ്പം നിന്ന എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നന്ദിയെന്നും കുമ്മനം പറഞ്ഞു.

ഇനി തന്റെ പ്രവര്‍ത്തനം രാഷ്ട്രീയത്തിനപ്പുറമാണ്. രാഷ്ട്രീയ ഭേദമന്യേ എല്ലാ തലത്തിലുമുള്ള ആളുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. താഴെത്തട്ടിലുള്ളവര്‍ക്ക് വേണ്ടിയാണ് താന്‍ ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. ഇത് തന്റെ അവസാന ശ്വാസം വരെ തുടരുമെന്നും കുമ്മനം ട്വിറ്ററിലൂടെ വ്യക്തമാക്കി.

അതേസമയം കുമ്മനത്തെ ഗവര്‍ണറായി നിയമിച്ചതിനെതിരെ മിസോറാമില്‍ പ്രതിഷേധ ശക്തമാരിക്കുകയാണ്. രാഷ്ട്രീയക്കാരനും റാഡിക്കല്‍ ഹിന്ദുവുമായ ഒരാളെ തങ്ങള്‍ക്കു പ്രസിഡന്റായി വേണ്ടയെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പീപ്പിള്‍സ് റപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) വും ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യനുമാണ് കുമ്മനത്തിന്റെ നിയമനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്.

pathram desk 1:
Related Post
Leave a Comment