തൃശൂര്‍: കേരളത്തിന് ഒരു ഔദ്യോഗികഗാനം തെരഞ്ഞെടുക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുചടങ്ങുകളിലെ ചില പ്രാര്‍ത്ഥനാഗാനങ്ങള്‍ അരോചകമാണെന്നും ഇതിന് പ്രതിവിധിയായി പൊതുവായ ഗാനം വേണമെന്നും ഇതിന്റെ ഉത്തരവാദിത്വം സാഹിത്യ അക്കാദമിയെ ഏല്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സാംസ്‌കാരിക പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. വിശ്വാസമില്ലാത്തവരും നിലവിളക്ക് കൊളുത്തുന്നുണ്ട്. ദീപം എന്ന അര്‍ത്ഥത്തില്‍ മാത്രം അതിനെ എടുത്താല്‍ മതി. എന്നാല്‍ ഉദ്ഘാടനച്ചടങ്ങുകളിലെ പ്രാര്‍ത്ഥനകള്‍ക്കു പകരം ആലപിക്കാവുന്ന ഗാനം പൊതുഗാനമായി രൂപപ്പെടുത്തേണ്ടതാവശ്യമാണ്. ദീര്‍ഘസമയം എഴുന്നേല്‍പ്പിച്ചുനിര്‍ത്തി ഔചിത്യമില്ലാതെയുള്ള ആലാപനം പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
കേരളത്തില്‍ കൊലപാതകങ്ങള്‍, പ്രത്യേകിച്ചും രാഷ്ട്രീയകൊലപാതകങ്ങള്‍ കുറഞ്ഞുവരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാംസ്‌കാരികസ്ഥാപനങ്ങളുടെ ഭരണസമിതിയെ തിരഞ്ഞെടുക്കുന്ന രീതി മാറ്റേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. സംസ്ഥാനഭരണം മാറുന്നതിനനുസരിച്ച് സാംസ്‌കാരികസ്ഥാപനങ്ങളില്‍ വരുന്ന ഭരണമാറ്റത്തിനെതിരേയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
Leave a Comment