ഗര്‍ഭനിരോധന ഉറകളും സാനിറ്ററി നാപ്കിനുകളും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ!!!

ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനും പരിസരവും ശുചിത്വമുള്ളതാക്കാന്‍ പുതിയ നയത്തിന് അംഗീകാരം നല്‍കി ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡ്. കുറഞ്ഞവിലയ്ക്ക് ഗര്‍ഭനിരോധന ഉറകളും സാനിറ്ററി നാപ്കിനുകളും എത്തിക്കും. യാത്രയ്ക്കായി എത്തുന്നവര്‍ക്ക് മാത്രമല്ല, സ്റ്റേഷന്‍ പരിസരത്ത് താമസിക്കുന്നവരേയും വ്യക്തിശുചിത്വമുള്ളവരാക്കാനാണ് റെയില്‍വേയുടെ നീക്കം.

സ്റ്റേഷന്‍ പരിസരത്ത് ആവശ്യത്തിന് ശുചീകരണ സൗകര്യങ്ങളുടെ അഭാവമുണ്ടെന്ന് നയത്തില്‍ പറയുന്നു. സ്റ്റേഷന്‍ പരിസരത്ത് താമസിക്കുന്നവര്‍, പ്രത്യേകിച്ച് ചേരികളിലും ഗ്രാമങ്ങളിലുമുള്ളവര്‍, മിക്കപ്പോഴും തുറസ്സായ സ്ഥലങ്ങളില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതായും അത് പരിസരത്തെ വൃത്തികേടാക്കുകയും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇക്കാര്യം പരിഗണിച്ച് റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം ശുചിമുറികള്‍ സ്ഥാപിക്കുമെന്നും ആര്‍ത്തവകാലത്തെ ശുചിത്വത്തെ കുറിച്ചും ഫലപ്രദമായ ഗര്‍ഭനിരോധന ഉപാധികളെ കുറിച്ചും ബോധവത്കരിക്കുമെന്നും നയത്തില്‍ വ്യക്തമാക്കുന്നു.

ശുചിമുറികളോട് അനുബന്ധിച്ച് കുറഞ്ഞ ചെലവില്‍ സാനിറ്ററി നാപ്കിനുകളും ഗര്‍ഭനിരോധന ഉറകളും ലഭ്യമാക്കുന്ന ബൂത്തുകള്‍ തുടങ്ങും. ഓരോ സ്റ്റേഷനിലും ഇത്തരം രണ്ട് ബൂത്തുകള്‍ ഉണ്ടായിരിക്കും. ഒരെണ്ണം പരിസരവാസികള്‍ക്കായി സ്റ്റേഷനു പുറത്തും മറ്റൊന്ന് സ്റ്റേഷനില്‍ എത്തുന്നവര്‍ക്കായി അകത്തുമായിരിക്കും.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അംഗപരിമിതര്‍ക്കുമായി പ്രത്യേകം ശുചിമുറികള്‍ നിര്‍മ്മിക്കും. ഇവയില്‍ ഇന്ത്യന്‍, യൂറോപ്യന്‍ രീതിയിലുള്ള സജീകരണങ്ങളും ഉണ്ടായിരിക്കും. രാജ്യത്തെ 85,00 സ്റ്റേഷനുകളിലും ഈ സൗകര്യങ്ങള്‍ കൊണ്ടുവരും. ഇതിനുള്ള ഫണ്ട് വിവിധ കോര്‍പറേഷനുകളില്‍ നിന്നും സി.എസ്.ആര്‍ വഴി സ്വരൂപിക്കും. അവയുടെ പരിപാലനം ഉറപ്പുവരുത്തും.

pathram desk 1:
Related Post
Leave a Comment