നിപ്പയുടെ ഉറവിടം കണ്ടെത്താന്‍ ഇന്ന് കൂടുതല്‍ പരിശോധനകള്‍ ആരംഭിക്കും; നീക്കം പഴം തീനി വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിക്കാന്‍

കോഴിക്കോട്: പന്തിരിക്കരയിലെ കിണറ്റില്‍ നിന്നും കണ്ടെത്തിയ വവ്വാലല്ല നിപ്പ വൈറസ് ബാധയുടെ ഉറവിടമെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉറവിടം കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ ഇന്നാരംഭിക്കും. പഴം തീനി വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിക്കാനാണ് നീക്കം.

കിണറ്റില്‍ കണ്ടെത്തിയ വവ്വാലല്ല നിപ്പ വൈറസ് ബാധയുടെ ഉറവിടമെന്ന് പ്രാഥമിക പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് മൃഗസംരക്ഷണവകുപ്പ് കൂടുതല്‍ പരിശോധന നടത്തുന്നത്. സമീപത്തെ പഴം തീനി വവ്വാലുകളുടെ സാമ്പിളുകള്‍ പരിശോധിക്കാനാണ് തീരുമാനം. വവ്വാലിനെ പിടിക്കുക എളുപ്പമല്ലെന്നതിനാല്‍ അവയുടെ കാഷ്ഠം ശേഖരിച്ച് പരിശോധനക്ക് അയയ്ക്കും.

കഴിയുമെങ്കില്‍ വവ്വാലുകളുടെ രക്തസാമ്പിളുകള്‍ ശേഖരിക്കാനും മൃഗസംരക്ഷണവകുപ്പ് ശ്രമിക്കുന്നുണ്ട്. കിണറ്റില്‍ നിന്ന് കണ്ടെത്തിയ വവ്വാലില്‍ നിപ്പ വൈറസ് ഉണ്ടാകാനിടയില്ലന്ന സംശയത്തില്‍ കൂടുതല്‍ വവ്വാലുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്ന നടപടി ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഭോപ്പാലിലെ ലാബില്‍ സാമ്പിളുകള്‍ നേരിട്ടെത്തിക്കാനാണ് തീരുമാനം.

pathram desk 1:
Leave a Comment