കൊഹ്ലിയുടെ ചാലഞ്ച് ഏറ്റെടുത്തത് ഇഷ്ടമായി, ഇന്ധന വില കുറയ്ക്കാനുള്ള ചാലഞ്ചു കൂടി എറ്റെടുക്കൂ: മോദിയെ പരിഹസിച്ച് രാഹുല്‍

ന്യൂഡല്‍ഹി: ഫിറ്റ്നസ് വീഡിയോ പുറത്തുവിടാനുള്ള ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയുടെ ചാലഞ്ച് ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മുമ്പില്‍ മറ്റൊരു ചാലഞ്ചുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ധന വില കുറയ്ക്കാനാണ് രാഹുല്‍ ഗാന്ധി മോദിയെ വെല്ലുവിളിച്ചത്.

വില കുറച്ചില്ലെങ്കില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന മുന്നറിയിപ്പും രാഹുല്‍ നല്‍കുന്നു.
‘പ്രിയ പ്രധാനമന്ത്രി താങ്കള്‍ വിരാട് കൊഹ്ലിയുടെ ഫിറ്റ്നസ് ചാലഞ്ച് ഏറ്റെടുത്തതില്‍ സന്തോഷമുണ്ട്. ഞാനും ഒരു ചാലഞ്ച് തരാം: ഇന്ധന വില കുറയ്ക്കൂ ഇല്ലെങ്കില്‍ കോണ്‍ഗ്രസ് ദേശീയതലത്തില്‍ പ്രക്ഷോഭം നടത്തി നിങ്ങളെക്കൊണ്ട് അത് ചെയ്യിക്കും. നിങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു.’ എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

നേരത്തെ ക്രിക്കറ്റ് താരം വിരാട് കൊഹ്ലി 20 സ്പൈഡര്‍ പ്ലാങ്ക് ചെയ്യുന്ന വീഡിയോ പോസ്റ്റു ചെയ്യുകയും ഭാര്യ അനുഷ്‌കയേയും പ്രധാനമന്ത്രിയേയും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയേയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് മോദി തന്റെ ഫിറ്റ്നസ് വീഡിയോ ഷെയര്‍ ചെയ്യാമെന്ന് ട്വീറ്റ് ചെയ്തത്.

മോദിയുടെ ട്വീറ്റിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. തൂത്തുക്കുടി, പെട്രോള്‍ വില പോലെ രാജ്യം വലിയ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ അത്തരം വിഷയങ്ങളില്‍ ജനങ്ങളുടെ ചോദ്യത്തിന് മറുപടി പറയാതെ കൊഹ്ലിയുമായി കളിക്കുകയാണ് മോദി ചെയ്യുന്നതെന്നായിരുന്നു വിമര്‍ശനം.

ചൊവ്വാഴ്ച കേന്ദ്ര ഐ.ടി മന്ത്രി രാജ്യവര്‍ധന്‍ റാത്തോറാണ് ട്വിറ്ററില്‍ ഫിറ്റ്നസ് ചാലഞ്ചിന് തുടക്കമിട്ടത്. പുഷ് അപ്പ് ചെയ്യുന്ന വീഡിയോ പോസ്റ്റു ചെയ്തുകൊണ്ടായിരുന്നു റാത്തോര്‍ ചാലഞ്ച് നടത്തിയത്. കൊഹ് ലിയേയും സൈന നെഹ്വാളിനേയും ഹൃത്തിക് റോഷനേയുമാണ് അദ്ദേഹം വെല്ലുവിളിച്ചത്. സൈക്കിള്‍ റൈഡ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഹൃത്വിക് വെല്ലുവിളി നേരിട്ടത്.

pathram desk 2:
Related Post
Leave a Comment