കോട്ടയം: നിപ വൈറസ് പടര്‍ത്തുന്നത് വവ്വാലാണെന്നു കണ്ടെത്തിയതോടെ പനി പടരുമെന്ന പേടിയില്‍ കള്ളുകുടിയന്‍മാര്‍ കുടി നിര്‍ത്തുന്നു. വവ്വാല്‍ കള്ളുകുടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കള്ളുകുടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു. വവ്വാലുകള്‍ നിപ വൈറസ് പരത്തുന്നെന്ന വാര്‍ത്തവന്നതോടെ കോട്ടയം ജില്ലയിലെ മലയോര മേഖലകളിലും പടിഞ്ഞാറന്‍ മേഖലകളിലുമുള്ള ഷാപ്പുകളിലും ആലപ്പുഴയിലും വില്‍പ്പന കുത്തനെ ഇടിഞ്ഞു.
ഇരുനൂറു ലിറ്റര്‍ കള്ള് അളക്കുന്ന ഷാപ്പുകളില്‍ പോലും പകുതിപോലും ചെലവാകാത്ത അവസ്ഥയാണ്. വവ്വാലിന് ഏറെ ഇഷ്ടപ്പെട്ട പാനീയമാണു കളള്. കള്ളു ചെത്തുന്ന കുലകളില്‍ തൂങ്ങിക്കിടന്നാണു വവ്വാലുകള്‍ കള്ളു കുടിക്കുന്നത്. ഇങ്ങനെ വവ്വാലുകള്‍ കള്ളു കുടിക്കുമ്പോള്‍ വവ്വാലിന്റെ സ്രവവും കാഷ്ഠവും കള്ളു ശേഖരിക്കുന്ന കലത്തില്‍ വീഴുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
ഇത് നിപ വൈറസ് പടരാന്‍ കാരണമാകും. പനയോ തെങ്ങോ ചെത്തുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയാല്‍ വവ്വാലുകള്‍ കൂട്ടത്തോടെ എത്തുകയാണു പതിവ്. പത്തു വവ്വാലുകള്‍ എത്തിയാല്‍ രണ്ടു ലിറ്ററോളം കള്ള് അകത്താക്കുമെന്നാണു ചെത്തുകാര്‍ പറയുന്നത്. വവ്വാലിനെ പിടിക്കുന്നതു നിയമവിരുദ്ധമാണെങ്കിലും പലരും പനങ്കുലയിലും തെങ്ങിന്‍കുലയിലും മുള്ളുകള്‍ നിരത്തി വവ്വാലിനെ പിടിക്കാറുണ്ട്.
നിപ വൈറസിന്റെ പശ്ചാത്തലത്തില്‍ വവ്വാലകളുടെ മൂത്രം, കാഷ്ഠം, ഉമിനീര്‍ എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണം. തുറന്നുവച്ച പാത്രങ്ങളില്‍ ശേഖരിക്കുന്ന കള്ളു കുടിക്കുന്നത് ഒഴിവാക്കുക. വവ്വാലുകള്‍ ഭക്ഷിച്ച ഫലവര്‍ഗങ്ങള്‍ കഴിക്കരുത്, വവ്വാലുകളുടെ കാഷ്ഠം പുരളാന്‍ സാധ്യതയുള്ള കാടുകളിലും വൃക്ഷങ്ങളുടെ ചുവട്ടിലും പോകരുത്, മരത്തില്‍ കയറരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്.
Leave a Comment