‘രണ്ടു വലിയ ശവപ്പെട്ടി വാങ്ങിയാല്‍ ഒരു ചെറിയ ശവപ്പെട്ടി ഫ്രീ!’ നിപാ വൈറസ് മരണഭീതിയില്‍ വര്‍ഗീയ-രാഷ്ട്രീയത്തിന്റെ വിഷവിത്തെറിയുന്നവര്‍ നമുക്കിടയിലുണ്ടെന്ന് എം.ബി. രാജേഷ്

കൊച്ചി:നിപ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനം ഭീതിയുടെ നിഴലില്‍ നില്‍ക്കുമ്പോഴും ചിലര്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ വിഷവിത്തെറിഞ്ഞ് വിളവെടുപ്പ് നടത്തുകയാണെന്നും അത്തരക്കാര്‍ മറ്റൊരു വൈറസ് ആണെന്നും എം.ബി. രാജേഷ് എംപി. നിപ വൈറസിന്റെ മറവില്‍ രാഷ്ട്രീയ ലാഭം കൊയ്യാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് എം.ബി. രാജേഷ് കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അത്തരക്കാരെ വിമര്‍ശിച്ച് എം.ബി. രാജേഷ് തുറന്നടിച്ചത്.

എം.ബി. രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം…

‘രണ്ടു വൈറസുകള്‍

ലിനി വെറും മാലാഖയല്ല. മാലാഖമാര്‍ക്കിടയിലെ നക്ഷത്രമാണ്. താന്‍ പരിചരിക്കുന്ന രോഗിക്ക് മാരകമായ എന്തോ അസുഖമാണെന്ന് തിരിച്ചറിഞ്ഞിട്ടും കയ്യൊഴിയാതെ കരുതല്‍ കൊടുത്തതിന് ലിനി സ്വന്തം ജീവന്‍ തന്നെയാണ് വിലയായി നല്‍കിയത്. മരണത്തെ മുഖാമുഖം കണ്ടപ്പോഴും ഇനി തീവ്രപരിചരണ വാര്‍ഡില്‍ കയറി തന്നെ കാണരുതെന്നും തന്റെ മക്കളെ പൊന്നുപോലെ നോക്കണമെന്നുമുള്ള മരണക്കുറിപ്പ് വിറയാര്‍ന്ന കൈകളാല്‍ ഭര്‍ത്താവിനെഴുതി വച്ച് അകാലത്തില്‍ പൊലിഞ്ഞ സ്നേഹനക്ഷത്രമാണ് ലിനി. അവരുടെ രണ്ടു വയസ്സുകാരനായ മകന്റെ അമ്പരപ്പാര്‍ന്ന അമ്മയെ തേടുന്ന മുഖം മനുഷ്യപ്പറ്റും മന:സാക്ഷിയുമുള്ള ആരെയാണ് വേദനകളാല്‍ വേട്ടയാടാതിരിക്കുക. ആ ജീവത്യാഗത്തിനു മുന്നില്‍ ആരാണ് ആദരാശ്രുക്കളാല്‍ തലകുനിക്കാതിരിക്കുക? പക്ഷേ, അതെല്ലാം മനുഷ്യപ്പറ്റും മന:സാക്ഷിയും ഉള്ളവരുടെ കാര്യം. ദുരന്തങ്ങളില്‍ നിന്ന് വിളവെടുപ്പു നടത്തുന്നവര്‍, മരണങ്ങളിലും ആര്‍ത്തിയോടെ ലാഭം തിരയുന്നവര്‍ എവിടെയും എക്കാലത്തുമുണ്ടായിട്ടുണ്ട്. രണ്ടാം ലോകയുദ്ധ കാലത്ത് മനുഷ്യര്‍ മരിച്ചു വീഴുന്നു. ലാഭമുള്ള ഏക കച്ചവടം ശവപ്പെട്ടിയുടേതാണ്. ശവപ്പെട്ടി കച്ചവടത്തിലെ മല്‍സരത്തില്‍ മുന്നിലെത്തി ലാഭം പരമാവധി ഉറപ്പിക്കാന്‍ ചിലര്‍ ഇങ്ങനെ പരസ്യം ചെയ്തു. ‘രണ്ടു വലിയ ശവപ്പെട്ടി വാങ്ങിയാല്‍ ഒരു ചെറിയ ശവപ്പെട്ടി ഫ്രീ!’ ലാഭാര്‍ത്തിപൂണ്ട മരണവ്യാപാരികള്‍ ഇവിടെ നമുക്കിടയിലുണ്ട്. നിപാ വൈറസ് സൃഷ്ടിക്കുന്ന മരണഭീതിയില്‍ വര്‍ഗീയ-രാഷ്ട്രീയത്തിന്റെ വിഷവിത്തെറിയുന്നവര്‍. അത് മുളപൊട്ടി വളര്‍ന്നാല്‍ ദുരന്തത്തില്‍ നിന്ന് വിളകൊയ്യാം എന്ന ദുര്‍മോഹം പേറുന്നവര്‍. ട്വീറ്റായി, വാട്സാപ്പ് സന്ദേശമായി വിഷവിത്ത് വിതച്ചു തുടങ്ങിയിരിക്കുന്നു. ആദ്യ വിത്തിടല്‍ നിര്‍വ്വഹിച്ചു കൊണ്ട് ഭാ.ജ. പ.യുടെ സംസ്ഥാന മീഡിയാ കോര്‍ഡിനേറ്ററും കുമ്മനത്തിന്റെ സെക്രട്ടറിയായുമറിയപ്പെടുന്നയാളുടെ ഞെട്ടിക്കുന്ന പോസ്റ്റ് ഉടന്‍ വന്നു കഴിഞ്ഞു. നിപാ വൈറസ് ആശങ്കയുളവാക്കുന്നതു തന്നെ. എന്നാല്‍ അതിനേക്കാള്‍ വലിയ കൂട്ടക്കൊലകള്‍ക്കു ശേഷിയുള്ള, ഏറെ മാരകമാണ് ഭാജപ വൈറസ്. നമുക്കിപ്പോള്‍ രണ്ടിനേയും ഒരുമിച്ച് ചെറുക്കേണ്ട കാലമാണ്.’

pathram desk 2:
Leave a Comment