സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാട്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാട് കേസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. കര്‍ദ്ദിനാള്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഉത്തരവ്.

എന്നാല്‍, ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണവുമായി അന്വേഷണ സംഘത്തിന് മുന്നോട്ടു പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭൂമി ഇടപാടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് എടുക്കാമെന്ന് ജസ്റ്റിസ് കെമാല്‍ പാഷയുടെ അധ്യക്ഷതയിലുള്ള സിംഗിള്‍ ബഞ്ചാണ് നേരത്തെ ഉത്തരവിട്ടത്. ആലുവ സ്വദേശി ഷൈന്‍ വര്‍ഗീസ് നല്‍കിയ പരിഗണിച്ചായിരുന്നു സുപ്രധാന ഉത്തരവ് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ചത്.

ഷൈന്‍ വര്‍ഗീസിന്റെ പരാതി ഹൈക്കോടതിയിലേക്ക് എത്തിയ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. പൊലീസില്‍ പരാതി നല്‍കിയതിന്റെ അടുത്ത ദിവസം തന്നെ കേസെടുത്തില്ലെന്ന് കാണിച്ച് ഹൈക്കോടതിയില്‍ പരാതി നല്‍കിയതിലാണ് കോടതി വീഴ്ച ചൂണ്ടിക്കാണിച്ചത്. എന്നാല്‍ പൊലീസിന് നിയമനടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു. അതേസമയം, ഹര്‍ജിക്കാര്‍ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.

pathram desk 2:
Related Post
Leave a Comment