വാര്‍ത്താസമ്മേളനത്തിനിടെ പെട്രോള്‍ വില വര്‍ധനവിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് അമിത് ഷാ; വീഡിയോ കാണാം

ന്യൂഡല്‍ഹി: വാര്‍ത്താസമ്മേളനത്തിനിടെ പെട്രോള്‍ വിലവര്‍ധനവിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നിങ്ങളുടെ അജണ്ടയെന്താണെന്ന് എനിക്ക് മനസിലാവും എന്നു പറഞ്ഞ് അമിത് ഷാ ചോദ്യത്തോട് പ്രതികരിക്കാതെ പോവുകയായിരുന്നു.

കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ പാര്‍ട്ടി പരാജയപ്പെട്ടതിനു പിന്നാലെ തിങ്കളാഴ്ച അമിത് ഷാ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. കര്‍ണാടക വോട്ടെടുപ്പിനു 15 ദിവസം മുമ്പ് പെട്രോള്‍ ഡീസല്‍ വില പിടിച്ചുനിര്‍ത്തുകയും വോട്ടെടുപ്പു കഴിഞ്ഞതിനു പിന്നാലെ വില ഉയര്‍ത്തുകയും ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതെന്തിനാണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യമാണ് അമിത് ഷായെ പ്രകോപിപ്പിച്ചത്. എന്‍.ഡി.ടി.വിയിലെ മാധ്യമപ്രവര്‍ത്തകന്റേതായിരുന്നു ചോദ്യം.

ചോദ്യത്തിന് മറുപടി പറയാതെ അമിത് ഷാ പറഞ്ഞു- ‘ കര്‍ണാടകയെക്കുറിച്ചു മാത്രമേ ഇന്നു പറയൂ. നിങ്ങളുടെ അജണ്ട എനിക്കു മനസിലാകും. ഈ ചോദ്യത്തിന് മറുപടി തരും. പക്ഷേ ഇന്നല്ല.’ കര്‍ണാടക തെരഞ്ഞെടുപ്പു കഴിഞ്ഞതിനു പിന്നാലെ പെട്രോള്‍ ഡീസല്‍ വി കുതിക്കുകയാണ്. തിങ്കളാഴ്ച പെട്രോള്‍ വില ദല്‍ഹിയില്‍ 84.40 ഉം ഡീസല്‍ വില 76.57 ആണ്.

അതേസമയം, കര്‍ണാടകയില്‍ കോണ്‍ഗ്രസും ജെ.ഡി.എസും അവരുടെ എം.എല്‍.എമാരെ ഹോട്ടലില്‍ പൂട്ടിയിട്ടില്ലായിരുന്നെങ്കില്‍ ബി.ജെ.പിക്ക് വിജയകരമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. ‘ഞങ്ങള്‍ കുതിരക്കച്ചവടത്തില്‍ വിശ്വസിക്കുന്നില്ല. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പൂട്ടിയിട്ട് എം.എല്‍.എമാരെ എന്താണ് ചെയ്തതെന്ന് കോണ്‍ഗ്രസ് മറുപടി പറയണം. എം.എല്‍.എമാരെ തടവിലിട്ടില്ലായിരുന്നെങ്കില്‍ ഇന്ന് കര്‍ണാടകയില്‍ ഞങ്ങളുടെ സര്‍ക്കാറുണ്ടാകുമായിരുന്നു.’ ഷാ പറഞ്ഞു.

pathram desk 1:
Related Post
Leave a Comment