നിപ്പാ വൈറസ്: ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 98ല്‍ മലേഷ്യയില്‍; ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ 14 ദിവസം; ഫലപ്രദമായ മരുന്നുകളില്ല; പേര് ലഭിച്ചത്…

കോഴിക്കോട്: ജനങ്ങളില്‍ ആശങ്ക പടര്‍ത്തി കോഴിക്കോട് ജില്ലയിലെ ചില ഭാഗങ്ങളില്‍ നിപ്പാ വൈറസ് പകര്‍ന്നു പിടിക്കുന്നു. ഇതിനകം അഞ്ചുപേര്‍ ഈ അസുഖം മൂലം മരിച്ചു കഴിഞ്ഞു. ഞായറാഴ്ച വൈകീട്ടോടെയാണ് നിപ്പാവൈറസ് തന്നെയാണ് രോഗകാരണമെന്ന് സ്ഥിരീകരിച്ചത്. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

നിപ്പാ വൈറസിന്റെ ചരിത്രം പരിശോധിച്ചാല്‍ 1998 ല്‍ മലേഷ്യയിലാണ് ഈ വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഹെനിപാ വൈറസ് ജീനസിലെ ഒരു പുതിയ അംഗം ആയിരുന്നു ഇത്. മലേഷ്യയിലെ നിപ്പാ എന്ന സ്ഥലത്ത് നിന്ന് ആദ്യം വേര്‍തിരിച്ചെടുത്തതുകൊണ്ട് അതേ പേരാണ് വൈറസിന് ഇട്ടത്; പാരാമിക്‌സോവൈറിഡേ ഫാമിലിയിലെ അംഗമാണ് ഈ വൈറസ്.

ഫലപ്രദമായ മരുന്നുകളൊന്നും ഈ വൈറസിനെതിരെ പ്രയോഗിക്കാന്‍ നിലവില്‍ ലഭ്യമല്ല. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം.

അസുഖം ബാധിച്ചവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാന്‍ വളരെ വലിയ സാധ്യതയുണ്ട്. അതുപോലെതന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം.

അഞ്ച് മുതല്‍ 14 ദിവസം വരെയാണ് ഇന്‍കുബേഷന്‍ പീരിയഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള ശ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍നിന്നും റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ ഉപയോഗിച്ച് വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കേണ്ടതാണ്. അസുഖം പുരോഗമിക്കുന്ന ഘട്ടത്തില്‍ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാന്‍ സാധിക്കും.

മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കലകളില്‍ നിന്നെടുക്കുന്ന സാമ്പിളുകളില്‍ ഇമ്യൂണോഹിസ്‌റ്റോ കെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരീകരിക്കാന്‍ സാധിക്കും.

pathram:
Leave a Comment