തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരത്തിലെ പെട്രോള്‍ പമ്പില്‍ വച്ച് യുവാവിനെ ചുട്ടുകൊല്ലാന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്. വാക്കുതര്‍ക്കത്തിന് പിന്നാലെ യുവാവിന്റെ മേല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയെന്നാണ് പ്രാഥമിക വിവരം.
തൃശ്ശൂര്‍ മുപ്ലിയം സ്വദേശിയായ ദിലീപാണ് ആക്രമണത്തിന് ഇരയായത്. തൃശ്ശൂര്‍ കോടാലിയിലെ പെട്രോള്‍ പമ്പില്‍ വച്ചാണ് ആക്രമണം നടന്നത്. ബൈക്കില്‍ പെട്രോള്‍ അടിക്കാനെത്തിയതായിരുന്നു ദിലീപ്. പെട്രോള്‍ അടിച്ച ശേഷം ബാക്കി വാങ്ങാന്‍ നില്‍ക്കുന്നതിനിടെ ഇവിടെയുണ്ടായിരുന്ന കരിം മണി എന്നയാളും ദിലീപും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി.
കരിം മണി സ്ഥലത്തെ ഗുണ്ടയാണെന്ന് വെളളിക്കുളങ്ങര പൊലീസ് ഐഇ മലയാളത്തോട് പറഞ്ഞു. ദിലീപിന് ശരീരത്തില്‍ 30 ശതമാനത്തോളം പൊളളലേറ്റിട്ടുണ്ട്. ദിലീപിന്റെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ വിനോദിനെ തിരക്കി പൊലീസ് വീട്ടിലെത്തിയെങ്കിലും ഇയാള്‍ ഇതിനോടകം ഇവിടെ നിന്നും കടന്നു.
നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. തീയാളിയതിന് പിന്നാലെ പെട്രോള്‍ പമ്പിന് സമീപത്തെ തോട്ടിലേക്ക് ദിലീപ് എടുത്ത് ചാടിയതിനാലാണ് ഇയാളുടെ ജീവന്‍ രക്ഷിക്കാനായതെന്നാണ് വിവരം. സംഭവം നടക്കുന്ന സമയത്ത് ദിലീപിനൊപ്പം സുഹൃത്തും ഉണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് ഒന്നും സംഭവിച്ചില്ല. ദിലീപിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഞങ്ങളെ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ
Leave a Comment