പ്രശസ്ത നടന്‍ കലാശാല ബാബു അന്തരിച്ചു

കൊച്ചി: പ്രശസ്ത നടന്‍ കലാശാല ബാബു അന്തരിച്ചു. 68 വയസായിരുന്നു. രാത്രി 12.35ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു കാലമായി രോഗബാധിതനായിരുന്നു. കഥകളി ആചാര്യന്‍ പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ടത്തിന്റെ മാതാവ് എന്ന് അറിയപ്പെടുന്ന കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകനാണ് കലാശാല ബാബു. നാടക വേദികളിലൂടെയാണ് ശ്രദ്ധേയനായത്.

1977ല്‍ പുറത്തിറങ്ങിയ ഇണയെത്തേടി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റം വിജയകരമല്ലാതിരുന്നതിനാല്‍ നാടകത്തിലേക്ക് മടങ്ങി.

തുടര്‍ന്ന് സീരിയലുകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ലോഹിതദാസിന്റെ കസ്തൂരിമാനിലെ തീവിഴുങ്ങി ലോനപ്പന്‍ മുതലാളിയായി വീണ്ടും സിനിമയിലെത്തി. എന്റെ വീട് അപ്പൂന്റെയും, തൊമ്മനും മക്കളും, റണ്‍വേ,
ടു കണ്‍ട്രീസ്, ബാലേട്ടന്‍, കസ്തൂരിമാന്‍, പെരുമഴക്കാലം, തുറുപ്പുഗുലാന്‍, പച്ചക്കുതിര, ചെസ്സ് , പോക്കിരിരാജ, മല്ലൂസിംഗ് തുടങ്ങി അമ്പതിലേറെ മലയാള സിനിമകളില്‍ അഭിനയിച്ചു. ഭാര്യ: ലളിത.
ശ്രീദേവി(അമേരിക്ക), വിശ്വനാഥന്‍(അയര്‍ലണ്ട്)എന്നിവര്‍ മക്കളാണ്. മരുമകന്‍: ദീപു(കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍, അമേരിക്ക).
സഹോദരങ്ങള്‍: ശ്രീദേവി രാജന്‍(നൃത്തക്ഷേത്ര,എറണാകുളം),കലാ വിജയന്‍(കേരള കലാലയം,തൃപ്പൂണിത്തുറ), അശോക് കുമാര്‍, ശ്രീകുമാര്‍, ശശികുമാര്‍. തൃപ്പൂണിത്തുറ എസ്.എന്‍ ജങ്ഷന്നടുത്ത് റോയല്‍ ഗാര്‍ഡന്‍സിലായിരുന്നു താമസം. നാടകാഭിനയത്തില്‍ തുടങ്ങി സീരിയല്‍ രംഗത്ത് എത്തിയ ബാബു സിനിമയിലേക്ക് തിരിയുകയായിരുന്നു.

pathram:
Related Post
Leave a Comment