കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അന്വേഷണം സിപിഎം പ്രാദേശിക നേതൃത്വത്തിലേക്കു നീങ്ങുന്നു. പ്രതിപ്പട്ടിക സിപിഎം നേതാക്കള്‍ തയാറാക്കി നല്‍കി എന്ന പരാതിയിലാണ് അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് സിപിഎം ആലങ്ങാട് ഏരിയ സെക്രട്ടറി എംകെ ബാബുവിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സസ്പെന്‍ഷനിലായ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെ സ്വാധീനിക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിച്ചെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചോദിച്ചറിയാനാണ് എംകെ ബാബുവിനെ വിളിച്ചുവരുത്തിയത് എന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ എവി ജോര്‍ജിനെ ഫോണില്‍ വിളച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
സിപിഎം ജില്ലാ നേതൃത്വം അറിഞ്ഞുകൊണ്ടാണ് ശ്രീജിത് ഉള്‍പ്പെടെയുള്ളവരെ വാസുദേവന്റെ മരണത്തില്‍ പ്രതിയാക്കിയതെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. ശീജിത്തിനെ ആത്മഹത്യാ കേസില്‍ പ്രതിചേര്‍ക്കാന്‍ സിപിഎം അംഗത്തിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നതായി അമ്മ ശ്യാമള ആരോപിച്ചു. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം പ്രിയ ഭരതനാണ് സംഭവത്തില്‍ ഗൂഢാലോചന നടത്തിയതെന്ന് ശ്യാമള ആരോപിച്ചു. ദേവസ്വം പാടം ബ്രാഞ്ച് കമ്മിറ്റിയംഗമായ പ്രിയ ഭരതന്റെ വീട്ടില്‍ ഇതിനായി യോഗം ചേര്‍ന്നിരുന്നുവെന്നും അവര്‍ പറഞ്ഞു.
വീട്ടില്‍ പാര്‍ട്ടിയുടെ യോഗം ചേര്‍ന്നെന്ന കാര്യം പ്രിയ ഭരതന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ശ്യാമള പറയുന്നതുപോലുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായില്ല. ഇപ്പോഴത്തെ ആരോപണങ്ങള്‍ ശ്രീജിത്തിന്റെ അമ്മയുടേതല്ല. ഇതിനുപിന്നില്‍ ആര്‍എസ്എസും ബിജെപിയുമാണെന്നും അവര്‍ ആരോപിച്ചു.
Leave a Comment