ബംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗോ പൂജ നടത്തി ബദാമി മണ്ഡലത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ എതിര്‍സ്ഥാനാര്‍ത്ഥിയായ ബി.ജെ.പി നേതാവ് ശ്രീരാമലു. വോട്ടു ചെയ്യാന്‍ പോകുന്നതിന് മുമ്പാണ് ശ്രീരാമലു ഗോ പൂജ നടത്തിയത്.
ശ്രീരാമലു സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസിന് കൈക്കൂലി നല്‍കാന്‍ പദ്ധതിയിടുന്ന വീഡിയോ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. 2010ലെ സംഭവങ്ങള്‍ എന്നു പറഞ്ഞായിരുന്നു വീഡിയോ പുറത്തുവിട്ടത്. ഖനികേസിലെ വിധി അനുകൂലമാക്കാന്‍ ഖനി രാജാവ് ജി ജനാര്‍ദ്ദന റെഡ്ഡിയും ശ്രീരാമലുവും ചീഫ് ജസ്റ്റിസിന്റെ ബന്ധുവിന് കൈക്കൂലി നല്‍കാന്‍ ആലോചിക്കുന്നതിന്റെ വീഡിയോയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.
ഇതിനു പിന്നാലെ ശ്രീരാമലുവിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു. കപില്‍ സിബല്‍, മുകുള്‍ വാസനിക്, രണ്‍ദീപ് സുര്‍ജേവാല എന്നിവരുടെ സംഘമാണ് തെരഞ്ഞെടുപ്പു കമ്മീഷനെ കണ്ടത്.
ഇന്നു രാവിലെയാണ് കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ദേശീയ രാഷ്ട്രീയത്തിന്റെ ഗതി പ്രവചിക്കാന്‍ വഴിയൊരുക്കുന്നതാകും ഈ തെരഞ്ഞെടുപ്പ്.
രണ്ടിടത്തെ വോട്ടെടുപ്പ് മാറ്റി വച്ചതിനാല്‍ 222 മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. ഒരു നാമനിര്‍ദേശ സീറ്റ് ഉള്‍പ്പെടെ 225 സീറ്റുകളാണ് കര്‍ണാടകയിലുള്ളത്. ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍ നിന്നു തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തെത്തുടര്‍ന്ന് ആര്‍.ആര്‍ നഗറിലെ വോട്ടെടുപ്പ് 28ലേക്കു മാറ്റി, ഇവിടെ 31നാണു വോട്ടെണ്ണല്‍. ജയനഗര്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രചാരണത്തിനിടെ മരിച്ചതിനാല്‍ അവിടെയും തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.
Leave a Comment