സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച തന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കില്ല, നിലപാട് കടുപ്പിച്ച് ചെലമേശ്വര്‍

ന്യൂഡല്‍ഹി: വീണ്ടും സുപ്രീംകോടതി കീഴ്വഴക്കങ്ങള്‍ തെറ്റിച്ച് ജസ്റ്റിസ് ചെലമേശ്വര്‍. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച തന്റെ തന്നെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ചെലമേശ്വര്‍. കാരണം വ്യക്തിപരമാണെന്നാണ് അദ്ദേഹം അധികൃതരെ അറിയിച്ചത്. എന്നാല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നിലപാടുകളോടുള്ള വിയോജിപ്പാണ് ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്.

ജൂണ്‍ 22 നാണ് ചെലമേശ്വര്‍ വിരമിക്കുന്നതെങ്കിലും മെയ് 19ന് കോടതി വേനലവധിയില്‍ പ്രവേശിക്കുന്നതിനാല്‍ 18ന് യാത്രയയപ്പ് നല്‍കാനായിരുന്നു ബാര്‍ആസോസിയേഷന്‍ തീരുമാനം. എന്നാല്‍ ഇത്തരം പരിപാടികള്‍ സന്തോഷപ്രദമായി തനിക്ക് അനുഭവപ്പെടാറില്ലെന്നാണ് ചെലമേശ്വര്‍ അറിയിച്ചത്.

ഇതേക്കുറിച്ച് താന്‍ വ്യക്തിപരമായി സംസാരിച്ചെങ്കിലും ജസ്റ്റിസ് വിസമ്മതിക്കുകയായിരുന്നെന്ന് ബാര്‍അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിങ് പറഞ്ഞു. പുനരാലോചനയ്ക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ജസ്റ്റിസിനെ സന്ദര്‍ശിക്കും.സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നയങ്ങളെ വിമര്‍ശിച്ച് ചെലമേശ്വര്‍ ഉള്‍പ്പടെയുള്ള നാല് മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തെത്തിയത് കോളിളക്കമുണ്ടാക്കിയിരുന്നു.

സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയത്തിന്റെ പ്രവര്‍ത്തനം സുതാര്യമാക്കാനും ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുയര്‍ന്ന മെഡിക്കല്‍ കോഴക്കേസ് പരിഗണിക്കാനും ചെലമേശ്വര്‍ സുപ്രീം കോടതിയില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ജഡ്ജി നിയമനത്തിലെ കേന്ദ്രസര്‍ക്കാര്‍ ഇടപെടലിന് എതിരെ ശക്തമായ വിയോജിപ്പുമായി ചീഫ് ജസ്റ്റിസിന് കത്തയക്കുകയും സിറ്റിംഗ് ജഡ്ജിമാര്‍ മാധ്യമങ്ങളെ കാണുന്നതിലും അഭിമുഖം നല്‍കുന്നതിലും തെറ്റില്ലെന്ന് കീഴ്വഴക്കങ്ങള്‍ മറികടന്ന് നിലപാടെടുക്കുകയും ചെയ്ത് നീതിന്യായ വ്യവസ്ഥയുടെ സുതാര്യത ഉറപ്പുവരുത്താന്‍ ചെലമേശ്വര്‍ പരിശ്രമിച്ചിരുന്നു.

കോണ്‍സ്റ്റിറ്റിയുഷന്‍ ക്ലബിലെ ചടങ്ങില്‍ കരണ്‍ താപ്പറിന് നല്‍കിയ അഭിമുഖത്തില്‍ ചീഫ് ജസ്റ്റിസിന്റെ ശൈലിക്ക് എതിരായ ശക്തമായ വിമര്‍ശനം തുറന്നു പറഞ്ഞതും വിരമിച്ച ശേഷം സര്‍ക്കാര്‍ ജോലികള്‍ വേണ്ടെന്നു നിലപാടെടുത്തതും ഏറെ ചര്‍ച്ചയായിരുന്നു.വിരമിക്കുന്ന ജഡ്ജിമാര്‍ അവസാന പ്രവര്‍ത്തി ദിവസം ഒന്നാം നമ്പര്‍ കോടതിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ സിറ്റിങ് നടത്തുന്ന പതിവുണ്ട്. സൗഹൃദത്തിന്റെയും സഹവര്‍ത്തിത്തത്തിന്റെയും സൂചനയാണ് ഈ കീഴ്വഴക്കം. യാത്രയയപ്പ് വേണ്ടെന്നു വച്ച ജസ്റ്റിസ് ചലമേശ്വര്‍ അവസാന പ്രവര്‍ത്തി ദിവസം ചീഫ് ജസ്റ്റിസിന് ഒപ്പമിരിക്കുമോ എന്നും ഇപ്പോള്‍ സംശയങ്ങളുയര്‍ന്നിട്ടുണ്ട്.

pathram desk 2:
Leave a Comment