രണ്ടരമണിക്കൂര്‍ ഈ മുഖം സഹിച്ചതിന് നന്ദി…..പറയുന്നത് രാജാവിന്റെ മകന്‍

കൊച്ചി:ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രം ‘ആദി’ ഇക്കഴിഞ്ഞ ജനുവരി 25ന് തിയേറ്ററുകളില്‍ എത്തിയത്. വലിയ വരവേല്‍പായിരുന്നു ചിത്രത്തിന് മോഹന്‍ലാല്‍ ആരാധകര്‍ നല്‍കിയത്. എന്നാല്‍ ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പേ നായകന്‍ ഹിമാലയത്തിലേക്ക് സ്ഥലം വിട്ടു.

ഒരു മാധ്യമത്തിനും പ്രണവ് അഭിമുഖം നല്‍കിയതോ, മുഖം കാണിച്ചതോ ഇല്ല. ആദിയുടെ 100-ാം ദിനം ആഘോഷിക്കുന്ന വേളയില്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി പ്രേക്ഷകരോട് സംസാരിച്ചു. തന്റെ മുഖം രണ്ടര മണിക്കൂര്‍ സഹിച്ച പ്രേക്ഷകര്‍ക്ക് നന്ദിയുണ്ടെന്നും ഓരോരുത്തരെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ അത് മാത്രമായി പോവും ഈ ചടങ്ങെന്നും പ്രണവ് പറഞ്ഞു. തങ്ങളുടെ സിനിമയ്ക്ക് നല്‍കിയ പിന്തുണയ്ക്കും പ്രണവ് നന്ദി പറഞ്ഞു.മോഹന്‍ലാല്‍, ജീത്തു ജോസഫ്, സുചിത്ര മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, കൃറ്റിക പ്രദീപ്, അനുശ്രീ, അദിതി രവി എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.

ജീത്തു ജോസഫാണ് ആദിയുടെ സംവിധായകന്‍. ആദി എന്ന കഥാപാത്രത്തെയാണ് പ്രണവ് ചിത്രത്തില്‍ അവതരിപ്പിച്ചത്. പ്രണവിന്റെ അച്ഛന്‍ വേഷത്തില്‍ സിദ്ദിഖും അമ്മയായി ലെനയുമെത്തി. പുലിമുരുകനിലൂടെ മോഹന്‍ലാലിന്റെ വില്ലനായെത്തിയ ജഗപതി ബാബുവാണ് ആദിയിലെ വില്ലന്‍. അനുശ്രീ, അദിതി എന്നിവരും സിനിമയിലുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്.

pathram desk 2:
Related Post
Leave a Comment