കഠ്‌വ കൂട്ടബലാത്സംഗക്കേസ്; വിചാരണ കാശ്മിരിന് പുറത്ത്; പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ അനുമതി

കശ്മീര്‍: കഠ്‌വയില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പടുത്തിയ കേസിലെ വിചാരണ കശ്മീരിന് പുറത്തേക്ക്. വിചാരണ പഞ്ചാബിലെ പഠാന്‍ കോട്ടിലെ കോടതിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

പഠാന്‍ കോട്ട് കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന് കോടതി അനുമതി നല്‍കി. കൂടാതെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കും അവരുടെ അഭിഭാഷകയ്ക്കും ദൃക്‌സാക്ഷികള്‍ക്കും സംരക്ഷണം നല്‍കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തുടര്‍ച്ചയായി വാദം കേള്‍ക്കാനും കോടതി നടപടിക്രമങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനും രഹസ്യവിചാരണയ്ക്കും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ജമ്മുവിലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനിടെ ഒരുകൂട്ടം അഭിഭാഷകര്‍ ഇത് തടഞ്ഞ് രംഗത്തെത്തിയിരുന്നു.

ഇത് ചൂണ്ടിക്കാണിച്ചായിരുന്നു കേസ് പുറത്തേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഹര്‍ജി സമര്‍പ്പിച്ചത്. അതേസമയം കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം കോടതി നിരസിച്ചു.

pathram:
Leave a Comment