കണ്ണൂര്‍: തിരുവനന്തപുരത്തേക്ക് കീഴാറ്റൂരിലെ പ്രതിഷേധക്കാര്‍ നടത്താന്‍ ആലോചിച്ച ലോങ് മാര്‍ച്ച് ഇപ്പോള്‍ നടത്തില്ല. ഓഗസ്റ്റില്‍ തൃശൂരില്‍ ചേരുന്ന യോഗത്തില്‍ തീരുമാനിക്കാമെന്ന നിലപാടാണ് ഇന്ന് ചേര്‍ന്ന കണ്‍വെന്‍ഷനില്‍ തീരുമാനിച്ചത്. അതേസമയം കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ സിപിഎമ്മിന് ശത്രുക്കളല്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞു.
കീഴാറ്റൂരിലെ കര്‍ഷക സമരത്തിന്റെ അടുത്ത ഘട്ടമെന്ന നിലയില്‍ തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി ബൈപാസ് നിര്‍മ്മാണ വിഷയത്തില്‍ അനുകൂല നിലപാട് എടുപ്പിക്കാനായിരുന്നു തീരുമാനം.
അതേസമയം, ലോങ് മാര്‍ച്ച് നടത്താന്‍ യോഗം ചേരും മുന്‍പേ തന്നെ പി.ജയരാജന്‍ പത്രസമ്മേളനം നടത്തിയിരുന്നു. കീഴാറ്റൂരിലെ സമരക്കാര്‍ ശത്രുക്കളല്ലെന്ന് പറഞ്ഞ ജയരാജന്‍ പക്ഷെ സമരക്കാരെ പിന്തിരിപ്പിക്കാന്‍ ഇനിയും ശ്രമിക്കുമെന്ന് നിലപാടെടുത്തു.
ഇതിന് പുറമെ വയല്‍ക്കിളി സമരത്തിന്റെ നട്ടെല്ല് ചില തീവ്രവാദ സംഘടനകളാണെന്ന ആരോപണവും പി.ജയരാജന്‍ ഉന്നയിച്ചു. ”വയല്‍ക്കിളി സമരം അവസാനിപ്പിക്കാന്‍ സിപിഎം മുന്‍പും ശ്രമിച്ചിട്ടുണ്ട്. ഈ ശ്രമം ഇനിയും തുടരും. അവര്‍ സിപിഎമ്മിന്റെ ശത്രുക്കളല്ല. എന്നാല്‍ കേരളത്തില്‍ മാവോയിസ്റ്റ്-ഇസ്ലാമിക സഖ്യം രൂപപ്പെടുകയാണ്. അവരാണ് വയല്‍ക്കിളികളുടെ സമരത്തിന്റെയും നട്ടെല്ല്,” പി.ജയരാജന്‍ ആരോപിച്ചു.
Leave a Comment