മാധ്യമപ്രവര്‍ത്തകന്‍ ജേ ഡേ വധം, ഛോട്ടാ രാജന് ജീവപര്യന്തം തടവ്

മുംബൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേയുടെ കൊലപാതകത്തില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ ഉള്‍പ്പെടെ എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം തടവ്. മുംബൈ പ്രത്യേക കോടതിയുടെതാണ് വിധി.ഛോട്ടാരാജനും മലയാളിയായ സതീഷ് കാലിയയും ഉള്‍പ്പെടെ എട്ടു പ്രതികള്‍ക്കാണ് ശിക്ഷ. കേസില്‍ മാധ്യമപ്രവര്‍ത്തക ജിഗ്ന വോറയെ കോടതി കുറ്റവിമുക്തയാക്കി.

2011 ലാണ് ജ്യോതിര്‍മയി ഡേ കൊലപ്പെട്ടത്. അധോലോക വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന ജെ ഡേയെ കൊലപ്പെടുത്താന്‍ ഛോട്ടാ രാജന്‍ നിര്‍ദേശം നല്‍കിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമം(മക്കോക്ക) പ്രകാരമായിരുന്നു കേസ്. അഞ്ചുലക്ഷം രൂപയായിരുന്നു കരാര്‍തുക. ഇതില്‍ രണ്ടുലക്ഷം രൂപ അഡ്വാന്‍സായി നല്‍കി. പ്രതികളില്‍ മൂന്നുപേര്‍ കുറ്റസമ്മതം നടത്തുകയും കൃത്യത്തില്‍ മറ്റുള്ളവരുടെ പങ്ക് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

2011 ജൂണ്‍ 11നാണ് മിഡ് ഡേ സായാഹ്ന പത്രത്തിന്റെ എഡിറ്ററായിരുന്ന ജെ ഡേ വെടിയേറ്റു മരിക്കുന്നത്. 56 വയസായിരുന്നു. തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട്*!*!*!്രൈ കംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഏഷ്യന്‍ ഏജിന്റെ മുംബൈയിലെ ഡപ്യൂട്ടി ബ്യൂറോ ചീഫ് ജിഗ്ന വോറ അറസ്റ്റിലാവുന്നതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടാവുന്നത്. ഡേയെ കൊലപ്പെടുത്താന്‍ അക്രമികള്‍ക്ക് ചൂണ്ടിക്കാണിച്ചത് വോറയാണ് എന്നായിരുന്നു പൊലീസ് വാദം. വിനോദ് അര്‍സാനി എന്ന വിനോദ് ചെമ്പൂറിനെയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഇയാളായിരുന്നു ജെ ഡേയെ അക്രമികള്‍ക്ക് കാണിച്ചുകൊടുത്തതും സാമ്പത്തിക സഹായം നല്‍കിയതും. 2015 ഏപ്രിലില്‍ ഇയാള്‍ മരിച്ചു.

pathram desk 2:
Related Post
Leave a Comment