പൂഞ്ച്: വഴി തെറ്റിപ്പോയ 24 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന സംഭവത്തില്‍ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സിലെ(സിആര്‍പിഎഫ്) മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ മാസമായിരുന്നു യുവതി ബലാത്സംഗത്തിന് ഇരയായത്. പൂഞ്ച് ജില്ലയിലെ മാണ്ഡി സ്വദേശിനിയായ 24കാരിയാണ് സിആര്‍പിഎഫുകാര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
മാര്‍ച്ച് 10നാണ് സംഭവം നടന്നത്. മൂന്ന് പേരും ചേര്‍ന്ന് തന്നെ ഒരു ക്യാമ്പിനകത്തേക്ക് കൊണ്ടുപോയെന്നും അവിടെ വെച്ച് ഒരാള്‍ ബലാത്സംഗം ചെയ്യുകയും മറ്റുള്ളവര്‍ അത് ചിത്രീകരിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. പൊലീസില്‍ പരാതി നല്‍കുകയോ സംഭവം മറ്റാരോടെങ്കിലും പറയുകയോ ചെയ്താല്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് യുവതി പറയുന്നു.
എന്നാല്‍ വീഡിയോ പിന്നീട് പ്രചരിച്ചതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
‘മാര്‍ച്ച് 10ന് രാത്രി 10 മണിയോടെ ബണ്ഡാലാബ് ക്യാമ്പസിലെ സിആര്‍പിഎഫ് ഗ്രൂപ്പ് സെന്ററില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. സുരക്ഷലംഘനമാണെന്നാണ് കരുതിയത്. ഇതേ തുടര്‍ന്ന് ലോക്കല്‍ പൊലീസില്‍ വിവരമറിയിച്ചു’, സിആര്‍പിഎഫ് വക്താവ് ആഷിഷ് കുമാര്‍ ഝാ പറഞ്ഞു. വീഡിയോ പ്രചരിപ്പിച്ച ഉദ്യോഗസ്ഥനെയും സസ്‌പെന്‍ഡ് ചെയ്തതായും അദ്ദേഹം അറിയിച്ചു. ജമ്മുവിലുള്ള ബന്ധുവിന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ വഴിതെറ്റിപോയെന്നും ഇതിനിടെ സഹായിക്കാനെന്ന വ്യാജേന സിആര്‍പിഎഫ് ഉദ്യോഗസ്ഥരെത്തുകയായിരുന്നു എന്നുമാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. ലോക്കല്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
Leave a Comment