പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതാണ് നല്ലത്, ഇല്ലെങ്കില്‍ ചെങ്ങന്നൂരില്‍ നിസ്സഹകരണം:നിലപാട് കടുപ്പിച്ച് ബി ഡി ജെ എസ്

കൊച്ചി:ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുമായി ഘടകകക്ഷിയായ ബി ഡി ജെ എസിന്റെ നിസ്സഹരണം ചെങ്ങന്നൂരില്‍ തുടരുമെന്ന് ബി ഡി ജെ എസ് അധ്യക്ഷന്‍ തുഷാര്‍ വെളളാപ്പളളി. ബി ഡി ജെ എസ്സിന്റെ സംസ്ഥാന കൗണ്‍സില്‍ യോഗമാണ് ചെങ്ങന്നൂരില്‍ തല്‍ക്കാലം നിസ്സഹരണം തുടരാന്‍ തീരുമാനിച്ചത്.

ഇതേ സമയം, ബി ഡി ജെ എസ് എന്‍ ഡി എ മുന്നണി വിട്ടിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പ് രംഗത്ത് തല്‍ക്കാലം ബി ഡി ജെ എസ് ഉണ്ടാകില്ല എന്നേയുളളൂ. നിലവിലുളള? പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതു വരെ വിട്ടുനില്‍ക്കാനാണ് തീരുമാനം.ബി ഡി ജെ എസ് എം പി സ്ഥാനം ആവശ്യപ്പെട്ടുവന്നത് വസ്തുതയല്ലെന്ന് തുഷാര്‍ വെളളാപ്പളളി വ്യക്തമാക്കി. എന്നാല്‍?, പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ ബി ജെ പി കേന്ദ്ര നേതൃത്വവുമായും ബി ജെ പി അധ്യക്ഷനുമായും ചര്‍ച്ച ചെയ്തിട്ടുണ്ട്.

മലപ്പുറം ലോകസഭ ഉപതിരഞ്ഞെടുപ്പ് വേളയിലും വേങ്ങര ഉപതിരഞ്ഞെടുപ്പ് സമയങ്ങളിലും ബി ഡി ജെ എസ് നിലപാട് കടുപ്പിച്ചിരുന്നു. എന്നാല്‍ ബി ജെ പി നേതൃത്വം ഇടപെട്ട് അവരെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമാക്കുകയായിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പ് വേളയില്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ എന്‍ ഡി എയ്ക്ക് എതിരെ ആഞ്ഞിടിച്ചിരുന്നു. വേങ്ങരയിലും വെളളാപ്പളളി എസ് എന്‍ ഡി പി മനഃസാക്ഷി വോട്ട് എന്നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ബി ഡി ജെ എസ് , മുന്നണിക്കൊപ്പം നില്‍ക്കുകയും ബി ജെ പി സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നതായി ബി ഡി ജെ എസ് നേതാക്കള്‍ പറയുന്നു.

വേങ്ങര തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ബി ജെ പി നേതാക്കള്‍ നല്‍കിയ വാക്ക് പാലിച്ചിട്ടില്ലെന്നും ഇങ്ങനെ അവഗണന സഹിച്ച് തുടരാന്‍ കഴിയില്ലെന്നുമാണ് ബി ഡി ജെ എസിലെ പൊതു അഭിപ്രായമായി ഉയര്‍ന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബി ഡി ജെ എസ് നിസ്സഹരണം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നതെന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

ഇതേസമയം, ബി ഡി ജെ എസിനെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലേയ്ക്ക് ക്ഷണിക്കുമെന്നും അവര്‍ ഇപ്പോഴും എന്‍ ഡി എ മുന്നണിയിലെ ഘടകകക്ഷിയാണെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബി ഡി ജെ എസ് തീരുമാനം മുന്നണിയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞതായി ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

pathram desk 2:
Related Post
Leave a Comment