മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയില്‍ വിവാഹ സംഘത്തെ ആക്രമിച്ച് വന്‍ കവര്‍ച്ച. വിവാഹ സംഘത്തിലുണ്ടായിരുന്ന വധുവിനെ കൊലപ്പെടുത്തി ആഭരണങ്ങളുള്‍പ്പെടെ ലക്ഷക്കണക്കിനു രൂപ കവര്‍ന്നു. ഡല്‍ഹി -– ഡെറാഡൂണ്‍ ദേശീയപാതയിലായിരുന്നു സംഭവം. ആയുധങ്ങളുമായി എത്തിയ കൊള്ളസംഘമാണ് കവര്‍ച്ച നടത്തിയത്.
ഗാസിയാബാദ് ജില്ലയിലെ വിവാഹചടങ്ങുകള്‍ക്കുശേഷം തിരികെ വരികയായിരുന്ന സംഘത്തെയാണ് കവര്‍ച്ചക്കാര്‍ ആക്രമിച്ചത്. മീററ്റിലെ ഡോറാല പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്തോറെ ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ വരന്‍ ഉള്‍പ്പെടെ ആറുപേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.
ആയുധങ്ങളുമായി ആറു പുരുഷന്മാരാണ് രണ്ടു കാറുകളിലായി ആക്രമിക്കാനെത്തിയത്. കൊള്ളക്കാരെ ചെറുത്തതാണു വധുവായ ഫര്‍ഹാന കൊല്ലപ്പെടാന്‍ കാരണം. ഇവരെ ഉടന്‍തന്നെ മുസഫര്‍നഗര്‍ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരിച്ചു. ലക്ഷങ്ങള്‍ വിലവരുന്ന ആഭരണങ്ങളും ഒരു കാറും കവര്‍ച്ച ചെയ്തവയില്‍പ്പെടുന്നു. അക്രമികള്‍ക്കായി തിരച്ചില്‍ തുടങ്ങിയതായി എസ്എസ്പി മന്‍ജില്‍ സൈനി അറിയിച്ചു.
Leave a Comment