വരാപ്പുഴ കസ്റ്റഡി മരണം: പൊലീസിനെതിരായ കേസ് പോലീസ് അന്വേഷിക്കുന്നത് ശരിയല്ല; സി.ബി.ഐ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി. ശ്രീജിത്തിന്റെ കസ്റ്റഡി മരണ കേസിന്റെ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് ഹൈക്കോടതി പറഞ്ഞു. പൊലീസുകാര്‍ പ്രതികളായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയാണോയെന്നും ഹൈക്കോടതി ചോദിച്ചു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.

കേസ് സി.ബി.ഐയ്ക്ക് വിടുന്നതില്‍ സര്‍ക്കാരിനോടും സി.ബി.ഐയോടും നിലപാട് അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു. വരാപ്പുഴ കസ്റ്റഡി മരണക്കേസ് സിബിഐക്ക് വിടണമെന്നും. അന്വേഷണം ഫലപ്രദമല്ലെന്നും പൊലീസ് കസ്റ്റഡിയില്‍ മരിച്ചതിനാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മരണപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില ഹര്‍ജി നല്‍കിയത്.

ഒരു കോടി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തവിടണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട ഗൂഡാലോചനക്കാരെ പുറത്തുകൊണ്ടുവരാന്‍ ഒരു നടപടിയുമുണ്ടായിട്ടില്ല. സംഭവത്തിന് ഉത്തരവാദികളായ റൂറല്‍ എസ്.പിയും സി.ഐയും ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്കെതിരെ നടപടിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

കേസ് പരിഗണിക്കുന്നത് അടുത്ത മാസം നാലാം തിയതിയിലേക്ക് മാറ്റി. അന്ന് സംസ്ഥാന സര്‍ക്കാരും സിബിഐയും കേസില്‍ നിലപാട് അറിയിക്കണം. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് കസ്റ്റഡി മരണം സംബന്ധിച്ച പരാതിയില്‍ ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ദക്ഷിണ മേഖല ഐജി അനില്‍കാന്താണ് അന്വേഷണ സംഘത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്.

pathram desk 1:
Related Post
Leave a Comment