ലിഗയെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് ഫോറന്‍സിക് സര്‍ജന്റെ വെളിപ്പെടുത്തല്‍!!! കഴുത്തിലെ എല്ലുകള്‍ക്ക് സ്ഥാനഭ്രംശവും പിരിച്ചിലു സംഭവിച്ചതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചികിത്സയ്‌ക്കെത്തിയ വിദേശവനിത ലിഗയെ കോവളത്ത് കണ്ടല്‍ക്കാട് നിറഞ്ഞ ചതുപ്പില്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാവാമെന്ന് പൊലീസ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജനാണ് പൊലീസിന് വിവരം നല്‍കിയത്. കഴുത്തിലെ എല്ലുകള്‍ക്ക് സ്ഥാനഭ്രംശവും പിരിച്ചിലുമുണ്ടായിട്ടുണ്ട്. ശ്വാസകോശത്തിലും തലച്ചോറിലും നടത്തിയ സൂക്ഷ്മപരിശോധനയില്‍ ശ്വാസംമുട്ടിച്ചതിന്റെ സൂചനകളുണ്ട്. പക്ഷേ ശരീരത്തില്‍ ഒരിടത്തും മുറിവുകളോ പാടുകളോ കാണപ്പെടുന്നില്ല. ശ്വാസകോശത്തിലും ക്ഷതമേറ്റതിന്റെ ലക്ഷണമില്ല.

കണ്ടല്‍പ്രദേശത്ത് അബദ്ധത്തില്‍ ഒതളങ്ങ ഭക്ഷിച്ചതിനെത്തുടര്‍ന്ന് വിഷബാധയേറ്റാണ് ലിഗ മരിച്ചതെന്നാണ് പൊലീസ് ഇതുവരെ പറഞ്ഞിരുന്നത്. ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ ഫോറന്‍സിക് വിഭാഗം പൊലീസിന് കൈമാറിയിട്ടില്ല. ഫോറന്‍സിക് മേധാവി ഡോ. കെ. ശശികലയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ബോര്‍ഡ് മരണകാരണം വിശകലനം ചെയ്തശേഷമാണ് കൊലപാതകമാണെന്ന് പൊലീസിനെ അറിയിച്ചത്.

ലിഗയുടെ ആന്തരിക അവയവങ്ങളുടെയും ശരീരസ്രവങ്ങളുടെയും വസ്ത്രങ്ങളുടെയും രാസപരിശോധനാഫലം ലബോറട്ടറിയില്‍ നിന്നു ലഭിച്ചിട്ടില്ല. രണ്ട് റിപ്പോര്‍ട്ടുകളും ശനിയാഴ്ച ലഭിച്ചശേഷമേ അന്തിമതീരുമാനത്തിലെത്താനാവൂ എന്നാണ് പൊലീസ് പറയുന്നത്. ലിഗ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വെയിലത്തല്ലാതെ ഉണക്കിയെടുത്ത് ഉമിനീരോ സ്രവങ്ങളോ ശേഖരിക്കാനാണ് കെമിക്കല്‍ അനാലിസിസ് ലാബ് പരിശ്രമിക്കുന്നത്. ലിഗയുടേതല്ലാത്ത ഒരു തലമുടിയെങ്കിലും ലഭിച്ചാല്‍ കൊലയാളിയിലേക്കെത്താനുള്ള ഡി.എന്‍.എ തെളിവ് ലഭിക്കും. മൃതദേഹം ശാസ്ത്രീയമായി തിരിച്ചറിയാന്‍ ലിഗയുടെയും സഹോദരി ഇലിസയുടെയും ഡി.എന്‍.എ സാമ്പിളുകള്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ പരിശോധിക്കുന്നുണ്ട്. ഇതിന്റെയും റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.

പുറത്തുനിന്നുള്ളവര്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമുള്ള ചെന്തിലക്കരയിലെ കണ്ടല്‍ക്കാട്ടിലാണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളത്താല്‍ ചുറ്റപ്പെട്ട ആ പ്രദേശത്ത് കോവളം ലൈറ്റ്ഹൗസില്‍ നിന്ന് സമുദ്ര ബീച്ച് വഴി പനത്തുറ കടവിലൂടെയോ, വള്ളം തുഴഞ്ഞോ മാത്രമേ എത്താനാവൂ. സ്ഥലപരിചയമില്ലാത്ത വിദേശിക്ക് തനിച്ച് എത്തിച്ചേരാന്‍ കഴിയില്ലെന്നതിനാല്‍ ബീച്ചില്‍ ഒറ്റപ്പെട്ട് നടക്കുകയായിരുന്ന ലിഗയെ വശീകരിച്ച് അവിടേക്ക് കൂട്ടിക്കൊണ്ടുവന്നശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവിടേക്കുള്ള വഴികളിലുള്ള ഹോട്ടലുകളിലെ സി.സി ടിവി കാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നത് പൊലീസിന് തലവേദനയാണ്.

പോത്തന്‍കോട്ടെ ആശുപത്രിയില്‍ നിന്നിറങ്ങുമ്പോള്‍ ലിഗയുടെ കൈവശം 2000 രൂപയേ ഉണ്ടായിരുന്നുള്ളൂ. കോവളത്ത് എത്തിച്ച ഓട്ടോറിക്ഷക്കാരന് 800 രൂപ നല്‍കി. 200 രൂപ നല്‍കി ബീച്ചിനടുത്തു നിന്ന് ജാക്കറ്റ് വാങ്ങിയെന്നും സംശയിക്കുന്നു. ലിഗ സാധാരണ ഉപയോഗിക്കാത്ത ചെരുപ്പാണ് മൃതദേഹത്തില്‍ നിന്ന് കിട്ടിയതെന്നതിനാല്‍ പുതിയ ചെരുപ്പ് വാങ്ങിയെന്നും സംശയിക്കാം.

ബീച്ചില്‍ നിന്ന് ലിഗയെ ആരെങ്കിലും കൂട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയെന്നും പൊലീസ് സംശയിക്കുന്നു. മാനഭംഗമോ പീഡനമോ നടന്നിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ലിഗയുടെ പക്കല്‍ പണമോ ആഭരണങ്ങളോ ഉണ്ടായിരുന്നില്ല. പണം തട്ടാനോ മാനഭംഗപ്പെടുത്താനോ ശ്രമമില്ലാത്ത സ്ഥിതിക്ക് ലിഗയെ കൊലപ്പെടുത്തിയത് എന്തിനാണെന്നാണ് പൊലീസ് കണ്ടെത്തേണ്ടത്. ലിഗയെ കൊലപ്പെടുത്താന്‍ ആരെങ്കിലും ക്വട്ടേഷന്‍ നല്‍കിയോ എന്നതടക്കം അന്വേഷിക്കുന്നുണ്ട്.

pathram desk 1:
Related Post
Leave a Comment