ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയത് വേഗത്തിലെടുത്ത തീരുമാനമല്ല, ചീഫ് ജസ്റ്റിസിനെതിരായ നടപടിയെ ന്യായീകരിച്ച് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: സുപീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ നടപടിയെ ന്യായീകരിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയത് വേഗത്തിലെടുത്ത തീരുമാനമല്ലെന്നും രാജ്യസഭ അധ്യക്ഷനെന്ന നിലയിലുള്ള ഉത്തരവാദിത്തമാണ് നിറവേറ്റിയതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.ഉപരാഷ്ട്രപതിയുടെ തീരുമാനം അറ്റോര്‍ണി ജനറല്‍ അടക്കമുള്ള നിയമവിദഗ്ധരുമായി ആലോചിച്ചാണെന്നും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞിരുന്നു.

അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍, സുപ്രീം കോടതി മുന്‍ ജഡ്ജി വി. സുദര്‍ശന്‍ റെഡ്ഡി, ലോക്സഭ മുന്‍ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ്, മുന്‍ നിയമ സെക്രട്ടറി പി.കെ. മല്‍ഹോത്ര, മുന്‍ ലെജിസ്ലേറ്റീവ് സെക്രട്ടറി സഞ്ജയ് സിങ്, രാജ്യസഭ സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഉപരാഷ്ട്രപതി തീരുമാനം എടുത്തത്.

ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോഴ അഴിമതിയില്‍ ദീപക് മിശ്രയുടെ പേര് പരാമര്‍ശിക്കപ്പെട്ടതാണ് ഇംപീച്ച്മെന്റിന് ആധാരമായി കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രധാന ആരോപണം. ഈ കേസില്‍ യുപി ഹൈക്കോടതി ജഡ്ജിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ചില ഇടനിലക്കാരെ അറസ്റ്റ് ചെയ്തപ്പോള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി ബന്ധപ്പെടുത്തി ചില മൊഴികള്‍ അവര്‍ നല്‍കുകയും ചെയ്തു. പിന്നീട് ഈ കേസില്‍ കോഴയില്‍ ഉള്‍പ്പെട്ട കോളേജിന് അനുകൂലമായ വിധി സുപ്രീംകോടതിയില്‍ നിന്നുണ്ടായതും ദീപക് മീശ്രയെ സംശയനിഴലിലാക്കി. ഈ കേസ് ജസ്റ്റിസ് ജെ.ചെലമേശ്വര്‍ അധ്യക്ഷനായ ഭരണഘട ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നുവെങ്കിലും പിന്നീട് ചീഫ് ജസ്റ്റിസ് നേരിട്ട് ഇടപെട്ട് കേസ് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിനെതിരെ കടുത്ത ആരോപണങ്ങളുമായി സഹജഡ്ജിമാര്‍ മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിയത്.

തനിക്കെതിരെ സഹന്യായാധിപന്‍മാര്‍ വാര്‍ത്ത സമ്മേളനം നടത്തി ആരോപണം ഉന്നയിച്ചിട്ടും, പ്രതിപക്ഷ കക്ഷികള്‍ ഇംപീച്ച്മെന്റ് നോട്ടീസ് കൊണ്ടുവന്നിട്ടും അവയെ നേരിട്ടു മുന്‍പോട്ട് പോകുക എന്ന നിലപാടാണ് ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിച്ചിരുന്നത്.

pathram desk 2:
Related Post
Leave a Comment