വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണം, എസ്‌ഐ ജി.എസ്. ദീപക്ക് റിമാന്‍ഡില്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്‌ഐ ജി.എസ്. ദീപക്കിനെ കോടതി റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് ദീപക്കിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. എട്ടു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനുശേഷം ഇന്നലെ രാത്രി ഏഴോടെയാണ് ദീപക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം, അന്യായമായി തടങ്കലില്‍വയ്ക്കല്‍, ദേഹോപദ്രവം ഏല്‍പിക്കല്‍ എന്നീ കുറ്റങ്ങള്‍ എസ്‌ഐക്കെതിരേ ചുമത്തിയിട്ടുണ്ട്.

ശ്രീജിത്തിനെ വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്ത റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍ടിഎഫ്) അംഗങ്ങളായ ജിതിന്‍ രാജ്, സന്തോഷ്‌കുമാര്‍, സുമേഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരാണ് ആദ്യ മൂന്നു പ്രതികള്‍. എസ്‌ഐ ദീപക് നാലാം പ്രതിയാണ്.

ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട് ആക്രമിച്ച കേസില്‍ ശ്രീജിത്തിനൊപ്പം അറസ്റ്റിലായ ഒമ്പതുപേരും ശ്രീജിത്തിന്റെ അമ്മയടക്കമുള്ളവരും എസ്‌ഐക്കെതിരേ മൊഴി നല്‍കിയിരുന്നു. ദീപക്കിനെ അന്വേഷണത്തിന്റെ ഭാഗമായി സര്‍വീസില്‍നിന്നു നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

pathram desk 2:
Related Post
Leave a Comment