കസ്റ്റഡി മരണത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതിനെതിരെ ഫോറന്‍സിക് സര്‍ജന്മാര്‍

കൊച്ചി: വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതിനെതിരെ ഫോറന്‍സിക് സര്‍ജന്മാര്‍ രംഗത്ത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടായിരിക്കെ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത് അനാവശ്യം. കേസ് അട്ടിമറിക്കാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യരുത്. മരണകാരണം വയറിനേറ്റ ആഘാതമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആര് ചെയ്തെന്ന് കണ്ടെത്തേണ്ടത് പൊലീസാണെന്നും മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിക്കുമെന്നും ഫോറന്‍ക് സര്‍ജന്മാര്‍ അറിയിച്ചു.

ശ്രീജിത്തിന്റെ മൃതദേഹത്തിലെ ക്ഷതങ്ങളുടെ സ്വഭാവം നിര്‍ണയിക്കുന്നതിനു അഞ്ചു ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം പ്രഫസര്‍ ഡോ. കെ. ശശികല, ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ വിഭാഗം പ്രഫസര്‍ ഡോ. ഉണ്ണിക്കൃഷ്ണന്‍ കര്‍ത്ത, തൃശ്ശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ജനറല്‍ സര്‍ജറി വിഭാഗം അഡീഷനല്‍ പ്രഫസര്‍ ഡോ. ശ്രീകുമാര്‍, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം പ്രഫസര്‍ ഡോ. പ്രതാപന്‍, കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ നൈഫ്രോളജി വിഭാഗം പ്രഫസര്‍ ഡോ. ജയകുമാര്‍ എന്നിവരാണു മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍.

പ്രത്യേകാന്വേഷണ സംഘം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കു കത്തു നല്‍കിയതിനെത്തുടര്‍ന്നാണ് ബോര്‍ഡ് രൂപീകരിച്ചത്. ശ്രീജിത്തിന്റെ മൃതദേഹത്തിലും ആന്തരികാവയവങ്ങളിലും കണ്ടെത്തിയ ക്ഷതങ്ങളും പരുക്കുകളും വിശകലനം ചെയ്യാന്‍ വിവിധ വിഭാഗങ്ങളില്‍ വിദഗ്ധരായ അഞ്ചു ഡോക്ടര്‍മാരടങ്ങുന്ന ബോര്‍ഡ് രൂപീകരിക്കണമെന്നായിരുന്നു ആവശ്യം.

pathram:
Related Post
Leave a Comment