എസ്എടി ആശുപത്രിയില്‍ നിന്ന് കാണാതായ ഗര്‍ഭിണിയായ യുവതിയെ കണ്ടെത്തി

തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ നിന്ന് കാണാതായ ഗര്‍ഭിണിയായ യുവതിയെ കണ്ടെത്തി. കരുനാഗപ്പള്ളിയില്‍ നിന്നാണ് ഷംനയെ കണ്ടെത്തിയത്. ടാക്‌സി ജീവനക്കാര്‍ തിരിച്ചറിഞ്ഞ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രസവത്തിന്റെ അവസാനഘട്ട പരിശോധനകള്‍ക്കായി മടവൂര്‍ സ്വദേശി ഷംനയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.30നാണ് എഎടി ആശുപത്രിയിലെത്തിയത്. പിന്നാലെ പൊടുന്നനെ കാണാതാകുകയായിരുന്നു. രണ്ടുനാളായി പൊലീസിനെയും ബന്ധുക്കളെയും മുള്‍മുനയില്‍ നിര്‍ത്തിയൊടുവിലാണ് പൂര്‍ണ ഗര്‍ഭിണിയുടെ തിരോധാനത്തിന് ഉത്തരമാകുന്നത്.
പ്രസവത്തിനു മുന്നോടിയായുള്ള പരിശോധനക്കായി 21 കാരിയായ ഷംന ആശുപത്രിയില്‍ എത്തിയത്.
കിളിമാനൂരിന് സമീപം മടവൂരില്‍ അന്‍ഷാദിന്റെ ഭാര്യയാണ് കാണാതായ ഷംന. പ്രസവത്തിന് തീയതി അടുത്തതിനാല്‍ അഡ്മിറ്റാകാന്‍ വേണ്ടി ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമൊപ്പമാണ് ഷംന ആശുപത്രിയിലെത്തിയത്. പരിശോധനകള്‍ക്കായി ആശുപത്രിക്കുള്ളിലേക്ക് കയറ്റിയ ശേഷം പിന്നീട് ആരും കണ്ടിട്ടില്ല. സംസ്ഥാനത്തിനകത്തും പുറത്തും നിരവധിയിടങ്ങളില്‍ പൊലീസ് തിരച്ചില്‍ തുടരുന്നതിനിടെയാണ് കരുനാഗപ്പള്ളിയില്‍ നിന്ന് ടാക്‌സി ഡ്രൈവര്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നിലയില്‍ ഷംനയെ കണ്ടെത്തിയത്. ക്ഷീണിതയായ ഷംന ഇപ്പോള്‍ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലാണ്.
ഇവരുടെ ചിത്രങ്ങളടങ്ങിയ പരസ്യവും വാര്‍ത്തകളും കണ്ടാണ് ഡ്രൈവര്‍മാര്‍ യുവതിയെ തിരിച്ചറിഞ്ഞത്. കേസന്വേഷിക്കുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് ഉടന്‍ കരുനാഗപ്പള്ളിയിലെത്തും.

യുവതി ചെങ്ങന്നൂരിലെത്തിയതായി ഇന്ന് രാവിലെ മൊബൈല്‍ ടവര്‍ പരിശോധിച്ചതിലൂടെ വ്യക്തമായിരുന്നു. ഇന്നലെ രാത്രി വെല്ലൂരിലുണ്ടെന്നും സൂചന ലഭിച്ചിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണ് ഷംനയെ കാണാതായതെന്ന് ബന്ധുക്കള്‍ ആരോപിക്കുകയും ചെയ്തതോടെ സംഭവം ചൂടുപിടിച്ചു
കാണാതായ ആദ്യ മണിക്കൂറില്‍ ഷംനയുടെ മൊബൈല്‍ സ്വിച്ച്ഡ് ഓഫായിരുന്നു. എന്നാല്‍ വൈകിട്ടോടെ അന്‍ഷാദിന്റെയും ബന്ധുവായ മറ്റൊരു സ്ത്രീയുടെയും മൊബൈലിലേക്ക് വിളിവന്നു. തനിക്ക് ഒന്നും പറ്റിയിട്ടില്ലെന്ന് ബന്ധുവായ സ്ത്രീയോടെ പറഞ്ഞെന്നാണ് കുടുംബം അറിയിച്ചത്. ഇതിനിടെ മൊബൈല്‍ ടവര്‍ പരിശോധിച്ചപ്പോള്‍ ട്രെയിനില്‍ യാത്രചെയ്യുന്നതായി സൂചന ലഭിച്ചിരുന്നു.

അതിനിടെ പൊലീസ് ഷംനയുടെ ചികിത്സാ രേഖകളും പരിശോധിച്ചിരുന്നു. രേഖകളെല്ലാം വിചിത്രമാണ്. യുവതി അഞ്ചാം മാസം മുതല്‍ എസ്എടിയില്‍ പരിശോധനയ്‌ക്കെത്താറുണ്ടെന്ന് ഭര്‍ത്താവും ബന്ധുക്കളും പറയുമ്പോഴും ചികിത്സാ രേഖകളൊന്നും ആശുപത്രിയിലില്ല. മൂന്ന് തവണ ഷംന ചികിത്സ തേടിയിട്ടുണ്ടെന്നും ആ മൂന്ന് തവണയും പുതിയ ഒ.പി ടിക്കറ്റെടുത്തായിരുന്നു പരിശോധനയെന്നുമാണ് ആശുപത്രി രേഖ. അതുകൊണ്ടു തന്നെ ഷംനയുടെ ഗര്‍ഭാവസ്ഥ സംബന്ധിച്ച വിശദാംശങ്ങളൊന്നും ഡോക്ടര്‍മാര്‍ അറിഞ്ഞിട്ടുമില്ല.

pathram:
Related Post
Leave a Comment