എങ്ക വീട്ടു മാപ്പിളൈ ഗ്രാന്റ് ഫിനാലെ; ആരെയും തെരഞ്ഞെടുക്കാന്‍ കഴിയില്ലെന്ന് ആര്യ…

തുടക്കം മുതല്‍ വിവാദം മായ പരിപാടിയായിരുന്നു നടന്‍ ആര്യയുടെ വധുവിനെ കണ്ടെത്താനുള്ള എങ്ക വീട്ടു മാപ്പിളൈ. കളേഴ്സ് ചാനലില്‍ എങ്ക വീട്ടു മാപ്പിളൈ എന്ന പേരില്‍ തുടങ്ങിയ വിവാഹ റിയാലിറ്റി ഷോ തുടക്കം മുതല്‍ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. എങ്കിലും വന്‍ ജനപ്രീതിയാണ് പരിപാടിക്കുണ്ടായിരുന്നത്. 16 പെണ്‍കുട്ടികളുമായി തുടങ്ങിയ ഷോ അവസാന മൂന്നു പേരില്‍ എത്തി നില്‍ക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും തമിഴ് സിനിമാ ലോകത്തും ചര്‍ച്ചയായിരുന്ന പരിപാടിയുടെ ഗ്രാന്റ് ഫിനാലെ കഴിഞ്ഞ ദിവസം നടന്നു. ആരാധകര്‍ ഏറെ കാത്തിരുന്ന ഗ്രാന്റ് ഫിനാലെ. കാനഡയില്‍ നിന്നുള്ള സുസാന, ബാംഗ്ലൂര്‍ സ്വദേശിനി അഗത, പാലക്കാട് സ്വദേശി സീതാലക്ഷ്മി എന്നിവരായിരുന്നു അവസാന വേദിയില്‍. ഇവരുടെ കുടുംബങ്ങളും എത്തിയിരുന്നു. പക്ഷേ വിജയിയെ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ ആയിരുന്നു ഫലം.
ആഘോഷമായി നടന്ന ഗ്രാന്റ് ഫിനാലെയ്ക്കൊടുവില്‍ വിജയം പ്രഖ്യാപിക്കാനുള്ള സമയം എത്തിയപ്പോള്‍ ഇങ്ങനെയൊരു വേദിയില്‍ തനിക്കതിന് സാധിക്കില്ലെന്നായിരുന്നു ആര്യയുടെ മറുപടി. വിവാഹ വേദിക്ക് സമാനമായി ഒരുക്കിയ വേദിയില്‍ വധുക്കളെ പോലെയാണ് പെണ്‍കുട്ടികള്‍ വന്നു നിന്നത്. ഇത്തരത്തില്‍ ഒരു വേദിയില്‍ നിന്ന് രണ്ടു പേരെ മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞു വിടുന്നത് അവരുടെ വിവാഹം പാതിവഴിക്ക് നിന്നു പോയ തോന്നല്‍ അവര്‍ക്ക് നല്‍കും. അതിനാല്‍ കുടുംബങ്ങളെ കഷ്ടപ്പെടുത്താന്‍ താല്‍പ്പര്യമില്ല. കുറച്ചു ദിവസത്തിനുള്ളില്‍ സാധാരണമായ രീതിയില്‍ തന്റെ തീരുമാനം അറിയിക്കാമെന്നുമായിരുന്നു ആര്യയുടെ നിലപാട്. ആദ്യം ഞെട്ടിയെങ്കിലും പിന്നീട് പെണ്‍കുട്ടികളും കുടുംബവും ഈ തീരുമാനത്തെ വരവേറ്റു. ചില ആരാധകര്‍ പ്രതികരിച്ചെങ്കിലും മറ്റുള്ളവര്‍ പിന്തുണയുമായി കൂടെ നിന്നു. അതിനാല്‍ പൊതുവേദിയില്‍ മനസ്സ് വേദനിപ്പിക്കാതെ തന്റെ ഭാവി വധുവിനെ ആര്യ തിരഞ്ഞെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ആര്യയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായിരുന്നു സുഹൃത്തുക്കളുടെ മറുപടി. കൃത്യമായ തീരുമാനമാണ് ആര്യ എടുത്തതെന്ന് നടി ജനനി അയ്യര്‍ പറഞ്ഞു. ആര്യ വേറെ ലെവലാണെന്നായിരുന്നു മുന്‍ മത്സരാര്‍ത്ഥി അപര്‍ണതിയുടെ മറുപടി. ഈ തീരുമാനത്തില്‍ ഒരു വിഷമവുമില്ലെന്ന് അനുരാധ കൃഷ്ണമൂര്‍ത്തി. പക്ഷേ തീരുമാനം അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമാണെന്ന് നടി സുജാ വരുണി പറഞ്ഞു. ഇനിയാണ് യഥാര്‍ത്ഥ ജീവിതം ആരംഭിക്കുന്നതെന്ന് സുഹൃത്ത് കാര്‍ത്തിക് പറഞ്ഞു. ഇനി വരുന്ന എപ്പിസോഡുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

pathram:
Related Post
Leave a Comment