ഫെയ്‌സ്ബുക്കിനെതിരെ നിയമനടപടി

സാന്‍ ഫ്രാന്‍സിസ്‌കോ: ഉപയോക്താക്കളുടെ അനുവാദമില്ലാതെ മുഖത്തിന്റെ ‘ഫീച്ചറുകള്‍ പകര്‍ത്തിയ ഫെയ്‌സ്ബുക്കിനെതിരെ നിയമനടപടി. ഡേറ്റ വിവാദത്തിനു പിന്നാലെ സ്വകാര്യതാനയം സംബന്ധിച്ച പുതിയ കുരുക്കില്‍ പെട്ടിരിക്കുകയാണ് ഫെയ്‌സ്ബുക്. ഉപയോക്താക്കളുടെ അനുവാദമില്ലാതെ അവരുടെ മുഖത്തിന്റെ ‘ഫീച്ചറുകള്‍’ ഉള്‍പ്പെടെ പകര്‍ത്തുന്ന ‘ടൂള്‍’ ഉപയോഗിച്ചതിനാണു കമ്പനി നടപടി നേരിടേണ്ടി വരുന്നത്.. കലിഫോര്‍ണിയയിലെ ഫെഡറല്‍ കോടതി ജഡ്ജിയാണ് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചുവെന്ന പരാതിയില്‍ ഫെയ്‌സ്ബുക്കിനെതിരെ നിയമനടപടിക്കു നിര്‍ദേശിച്ചിരിക്കുന്നത്. ‘ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടൂള്‍’ ഉപയോഗിച്ച് ഉപയോക്താക്കളുടെ മുഖത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചതിനാണു നടപടി.

ഫെയ്‌സ്ബുക്കില്‍നിന്ന് 8.7 കോടി പേരുടെ വിവരങ്ങള്‍ ചോര്‍ത്തി സ്വകാര്യ കമ്പനി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തിയെന്ന വിവാദം നിലനില്‍ക്കുമ്പോഴാണു കമ്പനി സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗിന് അടുത്ത തിരിച്ചടിയേറ്റിരിക്കുന്നത്. നടപടി ആവശ്യപ്പെട്ട് ഇന്ത്യക്കാരനായ നിമേഷ് പട്ടേല്‍ ഉള്‍പ്പെടെ ഒരു കൂട്ടം ഉപയോക്താക്കളാണു കോടതിയെ സമീപിച്ചത്.

2010ലാണു വിവാദ വിഷയമായ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടൂള്‍ ഫെയ്‌സ്ബുക്കില്‍ ആരംഭിക്കുന്നത്. ഉപയോക്താവ് അപ്ലോഡ് ചെയ്യുന്ന ഫോട്ടോ ആരുടേതാണെങ്കിലും അയാളുടെ പേരും ചിത്രത്തിനു സമീപം കാണിക്കാന്‍ സഹായിക്കുന്നതായിരുന്നു ടൂള്‍. എന്നാല്‍ ‘ബയോമെട്രിക്’ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇല്ലിനോയില്‍ നിലവിലുള്ള പ്രാദേശിക നിയമത്തെ ലംഘിക്കുന്നതാണ് ഇതെന്നാണു ഹര്‍ജിക്കാരുടെ വാദം. നിമേഷ് പട്ടേല്‍, ആദം പെസെന്‍, കാര്‍ലോ ലിക്കാറ്റ എന്നിവര്‍ നല്‍കിയ പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും ഫെഡറല്‍ കോടതി ജഡ്ജി ജയിംസ് ഡൊണാറ്റോ നിരീക്ഷിച്ചു. തുടര്‍ന്നാണു നിയമ നടപടിയിലേക്കു നീങ്ങിയത്

2011 ജൂണ്‍ ഏഴു മുതലാണ് ഇല്ലിനോയില്‍ ഫെയ്‌സ്ബുക്കിന്റെ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടൂള്‍ നടപ്പിലാക്കിയത്. പ്രദേശവാസികളായ ഒരു കൂട്ടം ഉപയോക്താക്കളുടെ പരാതിയായാണു കേസ് കോടതി പരിഗണിക്കുന്നത്. അതേസമയം വിഷയം ശ്രദ്ധയില്‍പ്പെട്ടെന്നും ഫലപ്രദമായി നേരിടാനാകുമെന്നാണു പ്രതീക്ഷയെന്നും ഫെയ്‌സ്ബുക് പ്രതികരിച്ചു. ടൂളിന്റെ ഉപയോഗം പരിമിതപ്പെടുത്താനുള്ള അവകാശം ഉപയോക്താക്കള്‍ക്കു നല്‍കിയിട്ടുണ്ട്. ഫോട്ടോയില്‍ വ്യക്തികളെ ‘ടാഗ്’ ചെയ്യുമ്പോള്‍ ഈ ടൂള്‍ ‘ഓഫ്’ ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നെന്നും ഫെയ്‌സ്ബുക് വ്യക്തമാക്കി. സ്വകാര്യതയെ ബാധിക്കുമെന്നതിനാല്‍ 2012ല്‍ യുറോപ്പില്‍നിന്ന് ഈ ടൂള്‍ പിന്‍വലിച്ചിരുന്നു.
അതിനിടെ ഫെയ്‌സ്ബുക്കില്‍ ‘ഷെയര്‍’ ചെയ്യപ്പെടുന്ന വിവരങ്ങളല്ലാതെ മറ്റിടങ്ങളില്‍നിന്നുള്ള ഉപയോക്താക്കളുടെ വിവരങ്ങളും കമ്പനിക്കു ലഭിക്കുന്നുണ്ടെന്ന വിവരവും പുറത്തെത്തി. നേരത്തേ യുഎസ് കോണ്‍ഗ്രസിനു മുന്നില്‍ ഹാജരായ സക്കര്‍ബര്‍ഗ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അതിനു പിറകെയാണു വിശദീകരണവുമായി കമ്പനി പ്രോഡക്ട് മാനേജ്‌മെന്റ് ഡയറക്ടര്‍ ഡേവിഡ് ബാസെര്‍ രംഗത്തെത്തിയത്.

‘ഫെയ്‌സ്ബുക്കിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന ഏതെങ്കിലും വെബ്‌സൈറ്റിലോ മൊബൈല്‍ ആപ്പിലോ കയറിയാല്‍ ഉപയോക്താവിന്റെ തിരച്ചില്‍ വിവരങ്ങള്‍ കമ്പനിക്കു ലഭിക്കും. ഫെയ്‌സ്ബുക്കില്‍നിന്നു ലോഗ് ഔട്ട് ചെയ്തിട്ടാണു സൈറ്റില്‍ കയറിയതെങ്കിലും ഫെയ്‌സ്ബുക് അക്കൗണ്ടില്ലെങ്കില്‍ പോലും ഇത്തരത്തില്‍ ഉപയോക്താവിന്റെ വിവരം ലഭ്യമാകും’ ഡേവിഡ് വ്യക്തമാക്കി.

പരസ്യങ്ങളിലേക്കും കണ്ടന്റിലേക്കും ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ഒട്ടേറെ വെബ്‌സൈറ്റുകളും ആപ്പുകളും ഫെയ്‌സ്ബുക്കിന്റെ ലൈക്ക്, ഷെയര്‍ ബട്ടണുകള്‍ പോലുള്ള സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. മറ്റു വെബ്‌സൈറ്റുകളിലേക്കും ആപ്പുകളിലേക്കും കയറാന്‍ ഫെയ്‌സ്ബുക് ലോഗിന്‍ ഉപയോഗിക്കുമ്പോഴും ഫെയ്‌സ്ബുക് പരസ്യങ്ങള്‍ വഴിയും കമ്പനിയുടെ മെഷര്‍മെന്റ് ടൂളുകള്‍ വഴിയുമെല്ലാം ഇത്തരത്തില്‍ വിവരശേഖരണം നടക്കുന്നുണ്ട്. ഇതു പക്ഷേ, സാര്‍വത്രികമായി ഉപയോഗിക്കുന്നതാണ്. ഗൂഗിളും ട്വിറ്ററും ഉള്‍പ്പെടെ ഇത്തരത്തില്‍ വിവരശേഖരണം നടത്തുന്നുണ്ടെന്നും ഡേവിഡ് പറഞ്ഞു. മിക്ക വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും ഇത്തരത്തില്‍ ലഭിക്കുന്ന ഒരേതരം വിവരങ്ങള്‍ പല കമ്പനികള്‍ക്ക് അയച്ചുകൊടുക്കാറുണ്ട്. ഫെയ്‌സ്ബുക്കിനു ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതു മൂന്നു തരത്തിലാണ്:
1) ഇത്തരം വെബ്‌സൈറ്റുകള്‍ക്കും ആപ്പുകള്‍ക്കും തങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നു.

2) ഫെയ്‌സ്ബുക്കില്‍ സുരക്ഷ ശക്തമാക്കുന്നു.

3) ഫെയ്‌സ്ബുക്കിന്റെ തന്നെ ഉല്‍പന്നങ്ങളും സേവനങ്ങളും കൂടുതല്‍ മെച്ചപ്പെടുത്തുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന ഉപയോക്താക്കളുടെ ഡേറ്റ ഫെയ്‌സ്ബുക് ആര്‍ക്കും വില്‍ക്കുന്നില്ലെന്നും ഡേവിഡ് വ്യക്തമാക്കി.

pathram:
Leave a Comment