തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരത്തില്‍ ശ്രീജിത്തിനെ മര്‍ദ്ദിച്ചത് പൊലീസുകാര്‍ തന്നെയാണെന്ന് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. ശ്രീജിത്തിന് പുറത്ത് നിന്ന് മര്‍ദ്ദനമേല്‍ക്കാന്‍ സാധ്യതയില്ല. മര്‍ദ്ദനം നടന്നു എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ശ്രീജിത്തിന് ഇത്രയും മര്‍ദ്ദനമേറ്റു എന്നത് അവിശ്വസനീയമാണ്. ശ്രീജിത്ത് പൊലീസിനെ മര്‍ദ്ദിച്ചിട്ടില്ല, ശ്രീജിത്തില്‍ നിന്ന് ഒന്നും കണ്ടെത്താനുമില്ല, മര്‍ദ്ദിക്കാന്‍ പ്രത്യേകിച്ച് കാരണമുള്ളതായി തോന്നുന്നില്ല. നടപടി ക്രമങ്ങളില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും ശ്രീജിത്തിനെ മര്‍ദ്ദിച്ചത് എന്തിനെന്ന് കണ്ടെത്തണമെന്നും സെന്‍കുമാര്‍ പറഞ്ഞു.
ശ്രീജിത്തിന്റേത് ഉരുട്ടിക്കൊലയാണെന്ന് സംശയം ഉയര്‍ന്നിരുന്നു. മൂന്നാം മുറയ്ക്ക് ആയുധം ഉപയോഗിച്ചെന്നും സൂചനയുണ്ട്. ശ്രീജിത്തിന്റെ രണ്ട് തുടകളിലും പേശികളിലും ഒരേപോലുള്ള ചതവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ലാത്തി പോലെ ഉരുണ്ട വസ്തു ഉപയോഗിച്ചെന്ന് സംശയമുണ്ട്. അഞ്ചു പേജുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ മൂന്നാം പേജിലെ 17,18 ഖണ്ഡികകളിലായാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത അന്നു മുതല്‍ ഒന്‍പതാം തീയതി വരെയുള്ള മൂന്നു ദിവസങ്ങളിലെ മര്‍ദ്ദനത്തിന്റെ ലക്ഷണങ്ങളാണ് കണ്ടെത്താനായതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇതിനിടെ വരാപ്പുഴ കേസില്‍ പൊലീസുകാരെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. പൊലീസുകാരുടെ മൊഴികളില്‍ വൈരുദ്ധ്യമുള്ള പശ്ചാത്തലത്തിലാണിത്.
Leave a Comment