സിനിമ മേഖലയില്‍ നടക്കുന്ന പീഡനത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി 15 ഓളം നടിമാര്‍ രംഗത്ത്

സിനിമ മേഖലയില്‍ നടക്കുന്ന പീഡനത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി നടിമാരുടെ പത്രസമ്മേളനം. കിടക്ക പങ്കിടല്‍ വിവാദം തെലുഗു സിനമയെ വിട്ടൊഴിയുന്നില്ല എന്ന് തന്നെ പറയാം. തെലുഗു സിനിമയില്‍ നിലനില്‍ക്കുന്ന കിടക്ക പങ്കിടല്‍ വിഷയത്തിനെതിരേ നടുറോഡില്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ച നടി ശ്രീ റെഡ്ഡിക്ക് പിറകെ ഞെട്ടുന്ന വെളിപ്പെടുത്തലുകളുമായി കൂടുതല്‍ നടികള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

നടികളായ സന്ധ്യ നായിഡു, കെ. അപൂര്‍വ, സുനിത റെഡ്ഡി എന്നിവരാണ് സ്വന്തം തൊഴിലിടത്തില്‍ നിന്ന് തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തുവന്നത്. കഴിഞ്ഞ ദിവസം നടന്ന വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയ്ക്കിടയിലായിരുന്നു അവരുടെ തുറന്നുപറച്ചില്‍.

സിനിമയില്‍ ഒരവസരത്തിന് ഞങ്ങള്‍ക്ക് എന്തും ചെയ്യേണ്ടിവരുന്നു ചിലപ്പോള്‍ അവരുടെ ലൈംഗികാവശ്യങ്ങള്‍ നിവര്‍ത്തിക്കേണ്ടിവരും. ചിലപ്പോള്‍ സൗന്ദര്യം കൂട്ടാന്‍ ശസ്ത്രക്രിയക്ക് വിധേയരാകേണ്ടിവരും. ചിലപ്പോള്‍ തൊലിയുടെ നിറം തന്നെ മാറ്റേണ്ടിവരും-ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഒറ്റ സ്വരത്തില്‍ പറഞ്ഞു. പതിനഞ്ച് പേരാണ് തങ്ങളുടെ ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ ഒത്തുകൂടിയത്. മൂവി ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന്‍ ഓഫീസിന് മുന്നിലെ ശ്രീ റെഡ്ഡിയുടെ ഒറ്റയാള്‍ പ്രതിഷേധത്തിനുശേഷമാണ് തങ്ങള്‍ക്ക് കാര്യങ്ങള്‍ തുറന്നുപറയാനുള്ള ധൈര്യം ലഭിച്ചതെന്ന് അവര്‍ പറഞ്ഞു. പ്രശ്നങ്ങള്‍ തുറന്നു പറയുമ്‌ബോള്‍, ഇത്രയും വൃത്തികെട്ട മേഖലയാണെങ്കില്‍ പിന്നെന്തിനാണ് ഇവിടെ തുടരുന്നത് എന്നാണ് പലരുടെയും ചോദ്യമെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ സിനിമാരംഗത്ത് സജീവമാണ്. അമ്മയുടെയും അമ്മായിയുടെയുമെല്ലാം വേഷമാണ് എനിക്ക് പ്രധാനമായും ലഭിക്കാറുള്ളത്. അതുകൊണ്ടുതന്നെ കാലത്ത് ഷൂട്ടിങ് ലൊക്കേഷനില്‍ അവര്‍ എന്നെ അമ്മാ എന്നാണ് വിളിക്കാറുള്ളത്. എന്നാല്‍, രാത്രിയായാല്‍ കിടക്ക പങ്കിടാന്‍ ക്ഷണിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് ഒരു റോള്‍ നല്‍കിയാല്‍ എനിക്കെന്താണ് ഗുണം എന്നാണ് എല്ലാവരുടെയും ചോദ്യം. വാട്സ് ആപ്പ് വന്നതോടെ അവരുമായി ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ചാറ്റ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയാണ് പലരും. ഞാന്‍ സുതാര്യമായ വേഷമാണോ ധരിച്ചത് എന്നായിരുന്നു ഒരിക്കല്‍ ഒരാള്‍ക്ക് അറിയേണ്ടിയിരുന്നത്. അസിസ്റ്റന്റുകളും ടെക്നീഷ്യന്മാരുമായി ജോലി ചെയ്യുന്ന പതിനേഴു വയസ്സുള്ളവര്‍ വരെ ഇങ്ങനെയാണ് പെരുമാറുന്നത്-സന്ധ്യ നായിഡു തുറന്നു പറഞ്ഞു.

ഷൂട്ടിങ് നടക്കുമ്‌ബോള്‍ പുറത്തുവച്ചു തന്നെ വസ്ത്രം മാറാന്‍ താന്‍ നിര്‍ബന്ധിതയായിട്ടുണ്ടെന്നായിരുന്നു സുനിത റെഡ്ഡിയുടെ വെളിപ്പെടുത്തല്‍. ഷൂട്ടിങ്ങിനിടെ ഞങ്ങള്‍ക്ക് പുറത്ത് തന്നെ വസ്ത്രം മാറുകയും വിശ്രമിക്കുകയും ചെയ്യുകയേ പോംവഴിയുള്ളൂ. പരാതിപ്പെട്ടാല്‍ വേണമെങ്കില്‍ നടന്മാരുടെ കാരവാനില്‍ പോയി വസ്ത്രം മാറിക്കൊള്ളാനാണ് പറയുക. പുഴുക്കളെപ്പോലെയാണ് ഞങ്ങളെ കണക്കാക്കാറുള്ളത്. വൃത്തികെട്ട ഭാഷയിലാണ് ഞങ്ങളോട് സംസാരിക്കുക-സുനിത റെഡ്ഡി പറഞ്ഞു.

ലൈംഗിക അതിക്രമങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ ഒരു കമ്മിറ്റി രൂപവത്കരിക്കുക, തെലുഗു നടികള്‍ക്ക് 70:30 എന്ന അനുപാതത്തില്‍ റോളുകള്‍ നല്‍കുക, ഇടനിലക്കാരെ ഒഴിവാക്കുക, മാസം പത്തു ദിവസമെങ്കിലും തൊഴില്‍ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും നടികള്‍ ഉന്നയിച്ചു.

pathram:
Related Post
Leave a Comment