യു.എസില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹം കണ്ടെത്തി

കലിഫോര്‍ണിയ: യുഎസിലെ കലിഫോര്‍ണിയയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിലെ മകന്‍ സിദ്ധാന്തിന്റെ മൃതദേഹവും കണ്ടെത്തി. ഇതോടെ കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹങ്ങള്‍ ലഭിച്ചെന്ന് പൊലീസ് ഔദ്യോഗികമായി അറിയിച്ചു. സാന്റാ ക്ലാരിറ്റയിലെ യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മകള്‍ സാച്ചി (ഒന്‍പത്), മകന്‍ സിദ്ധാന്ത് എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്.

സൗമ്യയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. സന്ദീപിന്റെയും മകളുടെയും മൃതദേഹങ്ങള്‍ തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. ഈല്‍ നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ സഞ്ചരിച്ച വാഹനവും കരയ്ക്കെത്തിച്ചു. പോര്‍ട്ട്ലന്‍ഡില്‍ നിന്നും സാന്‍ഹൊസെ വഴി കലിഫോര്‍ണിയയിലേക്ക് കുടുംബം സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടത്തില്‍പ്പെട്ടതെന്നാണ് നിഗമനം.

ഈ മാസം ആറാം തീയതി ഉച്ചയ്ക്ക് ഓറിഗനിലെ പോര്‍ട്ലാന്‍ഡില്‍നിന്നു സനോസെയിലേക്കു പോകുന്നതിനിടെയാണ് അപകടം. റോഡിനോടു ചേര്‍ന്നു കരകവിഞ്ഞൊഴുകിയ ഈല്‍ നദിയിലേക്ക് ഇവരുടെ കാര്‍ വീഴുകയായിരുന്നു. ദക്ഷിണ കലിഫോര്‍ണിയയിലെ വലന്‍സിയയില്‍ താമസിച്ചിരുന്ന കുടുംബം ബന്ധുക്കളെ സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ഗുജറാത്തിലെ സൂറത്തില്‍ നിന്നു യുഎസില്‍ എത്തിയ സന്ദീപ് 15 വര്‍ഷം മുന്‍പാണ് അവിടെ സ്ഥിരതാമസമാക്കിയത്. കൊച്ചി പടമുകള്‍ സ്വദേശിയാണ് സൗമ്യ.

സന്ദീപിന്റെ മൃതദേഹം കാറിന്റെ പിന്‍ഭാഗത്താണു കണ്ടത്. കുട്ടികളെ രക്ഷിക്കാന്‍ പിന്നോട്ടിറങ്ങിയതാണെന്നു കരുതുന്നു. കാറിന്റെ വിന്‍ഡോ തകര്‍ന്നിരുന്നു. കാര്‍ നദിയിലേക്കു വീഴുന്നതു കണ്ട ദൃക്സാക്ഷിയാണു പൊലീസിനെ വിളിച്ചറിയിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും കാര്‍ വെള്ളത്തില്‍ മുങ്ങിത്താണിരുന്നു. അപകടസ്ഥലത്തുനിന്ന് അര മൈല്‍ അകലെ നാലടിയിലേറെ താഴ്ചയില്‍ ചെളി കയറി മുങ്ങിക്കിടക്കുകയായിരുന്നു കാര്‍.

pathram desk 1:
Related Post
Leave a Comment