ജോതിഷ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു…
(ജ്യോതിഷാചാര്യ ഷാജി. പി.എ. 9995373305)
1193-ാം മാണ്ട് ധനുശനി, തുലാവ്യാഴം മേടമാസം ഒന്നാം തീയതി ( 14-ാം തീയതി ശനിയാഴ്ച) രാവിലെ എട്ട് മണി 14 മിനുറ്റ് ഉത്രട്ടാതി ഒന്നാം പാദം ത്രയോദശി തിഥിയിലും സുരഭിക്കരണത്തിലും മാഹേന്ദ്രനാമ നിത്യയോഗം എന്നിവ കൂടിയ അഗ്‌നിഭൂതോദയം കൊണ്ട് മേടരവി സംക്രമം. ദിശാബോധം മാത്രമാണ് ഫലങ്ങള്‍ നല്‍കുന്നത്. മുന്നറിവുകള്‍ ഉണ്ടാകുമ്പോള്‍ കരുതലോടെ നീങ്ങുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാക്കാന്‍ കഴിയും.
മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): സര്‍വാഭിഷ്ട സിദ്ധിയും കാര്യസാധ്യവും സത്കീര്‍ത്തിയും ഫലം, വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം നേടിയെടുക്കാന്‍ സാധിക്കും, തൊഴിലില്‍ ഉന്നതിയുണ്ടാകും, സാമ്പത്തികമായി നേട്ടമുണ്ടാകും, കാര്‍ഷിക മേഖലയില്‍ നല്ല വിളവ് പ്രതീക്ഷിക്കാം, സാമ്പത്തിക അച്ചടക്കം പാലിക്കുന്നതു നേട്ടങ്ങള്‍ക്കു വഴിയൊരുക്കും, തന്നിഷ്ട പ്രകാരം ചെയ്യുന്ന പ്രവര്‍ത്തികള്‍ വിപരീതാനുഭവം ഉണ്ടാക്കും, മാതാപിതാക്കളുടെ അനുഗ്രഹാശിസുകളോടെ ചെയ്യുന്ന പ്രവര്‍ത്തികളില്‍ നേട്ടങ്ങളുണ്ടാകും, സന്താനങ്ങള്‍ക്ക് വീട് പണിയുന്നതിന് അവസരം. വീട്ടില്‍ മംഗളകര്‍മങ്ങള്‍ നടക്കും, സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും, വിദേശത്ത് നിന്നും സഹായമുണ്ടാകും, പുതിയ പ്രൊജക്റ്റുകള്‍ അവതരിപ്പിക്കാനും മേലധികാരികളുടെ പ്രീതി നേടുന്നതിനും അവസരമുണ്ടാകും, കിട്ടുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം, ജീവിതപങ്കാളിക്ക് തൊഴില്‍ നേട്ടങ്ങളുണ്ടാകും, അമ്മാവന്മാരുടെ സഹായം ലഭിക്കും. ദോഷപരിഹാരം: ശിവങ്കല്‍ പിന്‍വിളക്ക് , ധാര, ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.
ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): കാര്യസാധ്യവും തൊഴിലില്‍ മേന്മയും കുടുംബാവൃദ്ധിയും ഫലം. വിവാഹം ഏറെക്കാലമായി നടക്കാതിരുന്നവര്‍ക്ക് അനുകൂലമായ വിവാഹബന്ധങ്ങള്‍ വന്നു ചേരും. തൊഴിലില്‍ നിലനിന്നിരുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കും, സന്താനങ്ങള്‍ ഇല്ലാതിരുന്നവര്‍ക്ക് സന്താനഭാഗ്യം ഉണ്ടാകും, കൂട്ടുക്കച്ചവടവും വ്യാപാരവും വിപുലീകരിക്കും, ബന്ധുജനങ്ങള്‍ക്കായി സാമ്പത്തിക സഹായം ചെയ്യും, സര്‍ക്കാര്‍ സംബന്ധമായ ആനുകൂല്യങ്ങള്‍ ലഭിക്കും, സര്‍ക്കാര്‍ ജോലികളില്‍ പ്രവേശനം കാത്തിരിക്കുന്നവര്‍ക്ക് നിയമനോത്തരവ് ലഭിക്കും, വിദേശത്ത് പോകുന്നതിന് തടസം ആദ്യമുണ്ടാകുമെങ്കിലും പിന്നീട് കാര്യങ്ങള്‍ അനുകൂലമായി വരും. ജീവിതപങ്കാളിക്ക് നേട്ടങ്ങളുണ്ടാകും, വാഹനങ്ങള്‍ മാറ്റി വാങ്ങുന്നതിനോ പുതിയവ വാങ്ങുന്നതിനോ യോഗമുണ്ട്, പൂര്‍വിക സ്വത്ത് ലഭിക്കുന്നതിനും സാഹചര്യമുണ്ട്. വിശേഷപ്പെട്ടദേവാലയങ്ങളില്‍ കുടുംബസമേതം ദര്‍ശനം നടത്തും. ദോഷപരിഹാരം: ശ്രീകൃഷ്ണന് ഭാഗ്യസൂക്തം, സുബ്രഹ്മണ്യന് ഷഷ്ഠിവ്രതം.
മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): സത്കീര്‍ത്തിയും ബഹുമന്യതയും ലഭിക്കും, അഹോരാത്രം പണിയെടുത്തതിന് തക്കതായ പ്രതിഫലം ലഭിക്കും, കര്‍മഗുണം ഉണ്ടാകും, സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും, കുടുംബക്ഷേത്ര സംബന്ധമായി തര്‍ക്കങ്ങളുണ്ടാകുമെങ്കിലും രമ്യതയോടെ പരിഹരിക്കാന്‍ മുന്‍കൈയെടുക്കും, ശത്രുശല്യം വര്‍ധിക്കും, സാമ്പത്തികമായുണ്ടായിരുന്ന ബാധ്യതകളില്‍ ഏറിയ പങ്കും തീര്‍ക്കാന്‍ കഴിയും, ദീര്‍ഘയാത്രകള്‍ നടത്തേണ്ടതായി വരും, ജീവിതപങ്കാളിക്ക് കടുത്ത പരീക്ഷണങ്ങളെ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളുണ്ടാകും, ഈശ്വരാധീനത്താല്‍ വലിയ പ്രതിസന്ധികളില്‍ നിന്നും രക്ഷപ്പെടും, രാഷ്ട്രീയക്കാര്‍ക്കും സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അംഗീകാരത്തിന്റെയും പ്രശസ്തിയുടെയും സമയമായി കാണുന്നു, വ്യാപാരം വിപുലപ്പെടുത്താന്‍ കഴിയും, വിദേശസംബന്ധമായി നേട്ടങ്ങളുണ്ടാകും, വാഹന ഉപയോഗത്തില്‍ ശ്രദ്ധവേണം. ദോഷപരിഹാരം: ശാസ്താവിന് നീരാജനം, ശ്രീകൃഷ്ണന് പാല്‍പ്പായസം.
കര്‍ക്കിടക കൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം): ശത്രുക്കളെ നിഷ്പ്രഭരാക്കും, ഉന്നതാധികാരം ലഭിക്കും, സര്‍ക്കാര്‍ ഉദ്യോഗത്തിനായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല ഫലം ഉണ്ടാകും, വാദപ്രതിവാദങ്ങളില്‍ വിജയമുണ്ടാകും, ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നത് പഴി കേള്‍ക്കാന്‍ ഇടയാക്കിയേക്കാം, ബന്ധുക്കളുമായി നല്ല ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല, പൂര്‍വിക സ്വത്തുമായി ബന്ധപ്പെട്ട് കലഹങ്ങളുണ്ടായേക്കാം, എല്ലാ പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കാന്‍ മുന്‍കൈയെടുക്കേണ്ടതുണ്ട്. മാനസികസമ്മര്‍ദം വര്‍ധിക്കും, തൊഴില്‍മേഖലയില്‍ ജോലി ഭാരം വര്‍ധിക്കും, അനാരോഗ്യമൂലം വ്യായാമം ശീലമാക്കും, വാഹന സംബന്ധമായ അറ്റകുറ്റപ്പണികള്‍ വേണ്ടി വരും, ദീര്‍ഘയാത്രകള്‍ അടിക്കടി നടത്തേണ്ടതായി വരും, പിതൃതുല്യരായവര്‍ക്ക് ഗുണകരമായ കാലമല്ല. നാല്‍ക്കാലികള്‍ മൂലം സാമ്പത്തിക നഷ്ടം ഉണ്ടാകും, കൃഷിയില്‍ നിന്നും പ്രതീക്ഷിച്ച ആദായം ലഭിച്ചില്ലെന്നു വരാം. സാമ്പത്തിക ക്രയ വിക്രയങ്ങള്‍ ശ്രദ്ധാപൂര്‍വം ചെയ്യുന്നതിലൂടെ അപഖ്യാതി ഒഴിവാക്കും. ദോഷപരിഹാരം: ശിവങ്കല്‍ ധാര, ഗണപതിക്ക് കറുകമാല.
ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/4): വിദേശയാത്ര സ്വപ്‌നം സഫലമാകും, പിതൃതുല്യരുമായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ക്കും, യാത്രകള്‍ ധാരാളം നടത്തേണ്ടതായി വരും, വാഹനങ്ങള്‍ മാറ്റി വാങ്ങുന്നതിനിടയുണ്ട്, തൊഴില്‍പരമായി നേട്ടങ്ങളുണ്ടാകും, സാമ്പത്തികമായി ചില പ്രയാസങ്ങളെ നേരിടേണ്ടി വരാമെങ്കിലും സുഹൃത്തുക്കളുടെയും സഹോദരങ്ങളുടെയും സഹായത്താല്‍ പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ സാധിക്കും. മാതാവിനോട് സ്‌നേഹം വര്‍ധിക്കും, സന്താനങ്ങളുടെ പഠനകാര്യങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കേണ്ടതായി വരും, കുടുംബക്ഷേത്രങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നല്ല സമയം. ദീര്‍ഘവീക്ഷണത്തോടെ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് ഫലം കണ്ടു തുടങ്ങും, പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കും, ഗുരുജനങ്ങളുടെ ആശിര്‍വാദത്തോടെ ചെയ്യുന്ന പ്രവര്‍ത്തികളില്‍ വിജയമുണ്ടാകും. ജീവിതപങ്കാളിക്ക് ജോലിയില്‍ ഉന്നതിയുണ്ടാകും. ദോഷപരിഹാരം: വിഷ്ണുക്ഷേത്രത്തില്‍ പാല്‍പ്പായസം, സുബ്രഹ്മണ്യന് അഭിഷേകം.
കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2): ലോക ബഹുമാനാദി സ്ഥാനമാനങ്ങളും ജനപ്രീതിയും ഉണ്ടാകും, ഗൃഹനിര്‍മാണത്തിന് ആരംഭം കുറിക്കും, ലോണ്‍, ചിട്ടി എന്നിവ ലഭിക്കും, സാമ്പത്തികമായി വരവും ചെലവും തുല്യമായിരിക്കും, കലഹങ്ങളില്‍ മധ്യസ്ഥത വഹിക്കുന്നതു ഗുണകരമല്ല, അനുയോജ്യമല്ലാത്ത സുഹൃത് ബന്ധത്തില്‍ നിന്നും വിട്ടു നില്‍ക്കും, ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നത് അബദ്ധങ്ങള്‍ ഒഴിവാക്കുന്നതിന് ഇടയാക്കും, മാനസിക സമ്മര്‍ദം ഒഴിവാക്കി കര്‍മമേഖലയില്‍ മുന്നോട്ടു പോകണം, ഉന്നതരുമായുള്ള ബന്ധം ജീവിതത്തില്‍ വഴിത്തിരിവാകും, സന്താനങ്ങള്‍ മുഖേന സന്തോഷനുഭവങ്ങളുണ്ടാകും, വാഹനം മാറ്റി വാങ്ങുന്നതിനോ പുതിയതു വാങ്ങുന്നതിനോ സാധ്യതയുണ്ട്, ബന്ധുജനങ്ങളെ സഹായിക്കേണ്ടതായി വരും, ഗൗരവത്തോടെ ചെയ്തു തീര്‍ക്കേണ്ട വിഷയങ്ങളില്‍ ഉദാസീനത പുലര്‍ത്തരുത്, യാത്രാക്ലേശം വര്‍ധിക്കാം, അന്യദേശത്തുള്ളവര്‍ പൂര്‍വിക ഗൃഹത്തിലേക്ക് മടങ്ങും. ദോഷപരിഹാരം : സുബ്രഹ്മണ്യന് ഷഷ്ഠി വ്രതം, ശാസ്താവിന് നീരാജനം, ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.
തുലാക്കൂറ് ( ചിത്തിര 1/2, ചോതി, വിശാഖം 3/4) : പൂര്‍വിക സ്വത്ത് സന്താനങ്ങള്‍ക്കായി ഭാഗം വയ്ക്കും, നൂതന ഗൃഹം പണിയും, സാമ്പത്തികമായി ഏറെ നേട്ടങ്ങളുണ്ടാകും, അനാരോഗ്യപ്രശ്‌നങ്ങള്‍ ഇടയ്ക്കിടെ അലട്ടും, അപ്രതീക്ഷിതമായി തൊഴില്‍ നഷ്ടപ്പെടുമെങ്കിലും സുഹൃത്തുക്കളുടെ സഹായത്തോടെ അനുയോജ്യമായ തൊഴില്‍ കണ്ടെത്തും, കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കും. സന്താനങ്ങള്‍ക്ക് പലവിധ നേട്ടങ്ങളുണ്ടാകും, കാര്‍ഷിക മേഖലയില്‍ നിന്നും നേട്ടങ്ങള്‍ പ്രതീക്ഷിക്കാം, വിശേഷ വസ്ത്രങ്ങള്‍ ലഭിക്കാം, വാഹനസംബന്ധമായി പാഴ് ചെലവ് വര്‍ധിക്കും, യാത്രാക്ലേശമുണ്ടാകും, വാക്കുകള്‍ മധുരമായി ഉപയോഗിക്കും, പരനിന്ദയോടെയുള്ള പ്രവര്‍ത്തികള്‍ വിപരീത ഫലങ്ങള്‍ കൊണ്ടു വരും, വീട്ടില്‍ മംഗളകര്‍മങ്ങള്‍ നടക്കും, കുടുംബക്ഷേത്ര പുനര്‍നിര്‍മാണത്തിനായി പണം ചെലവഴിക്കും, ഏറ്റെടുത്ത കാര്യങ്ങള്‍ യഥാസമയം ചെയ്തു തീര്‍ക്കും,ഉദ്യോഗാര്‍ഥികള്‍ക്ക് അനുയോജ്യമായ തൊഴില്‍ ലഭിക്കും, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും അനുകൂല സമയം. ദോഷപരിഹാരം: ഗണപതിക്ക് കറുകമാല, വിഷ്ണുക്ഷേത്രത്തില്‍ പാല്‍പ്പായസം.
വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): പൊലീസ്, പട്ടാളം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ചുമതലകള്‍ ലഭിക്കും, അംഗീകാരങ്ങളും ഈ മേഖലയിലുള്ളവരെ തേടി വരും. ജീവിതപങ്കാളിക്ക് ഉന്നത ജോലി ലഭിക്കും. അനുയോജ്യമായ സ്ഥലത്തേക്ക് ജോലി മാറ്റം ഉണ്ടാകും. ആത്മീയമായി കൂടുതല്‍ അറിവുകള്‍ ലഭിക്കും, ദീര്‍ഘയാത്രകള്‍ നടത്തേണ്ടതായി വരും, വാക്കുകളുടെ പ്രയോഗത്തില്‍ ജാഗ്രത വേണം, സഹപ്രവര്‍ത്തകരുമായി കലഹങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം, മേലധികാരികളുടെ ഇടപെടലുകള്‍ തൊഴില്‍ സമ്മര്‍ദം വര്‍ധിപ്പിക്കും, നാല്‍ക്കാലികള്‍ മുഖന ആപത്തുകളുണ്ടാകാം, അഗ്നിസംബന്ധമായ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ കൂടുതലായി ശ്രദ്ധിക്കണം, ഈശ്വരാധീനത്താല്‍ വലിയ അപകടങ്ങളില്‍ നിന്നും രക്ഷപ്പെടും, മാതാവിന്റെ ആരോഗ്യക്കാര്യത്തില്‍ ആശങ്കയുണ്ടാകും, സാമ്പത്തിക പ്രയാസങ്ങളെ തരണം ചെയ്യാന്‍ സാധിക്കും, സന്താനഗുണമുണ്ടാകും, വര്‍ഷങ്ങളായി നേര്‍ന്നു കിടന്നിരുന്ന വഴിപാടുകള്‍ ചെയ്യാന്‍ അവസരം ലഭിക്കും, വാടക ഗൃഹത്തില്‍ നിന്നും പൂര്‍വിക ഗൃഹത്തിലേക്ക് താമസം മാറ്റും. ദോഷപരിഹാരം: ശിവങ്കല്‍ധാര, സുബ്രഹ്മണ്യനന് അഭിഷേകം, ദേവി ക്ഷേത്രത്തില്‍ കടുംപായസം.
ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4): ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും, സാമ്പത്തിക പ്രയാസങ്ങളെ തരണം ചെയ്യും, സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും, ഗൃഹനിര്‍മാണത്തിനു തുടക്കം കുറിക്കും, കാര്‍ഷിക മേഖലയില്‍ നിന്നും നേട്ടം പ്രതീക്ഷിക്കാം, നാല്‍ക്കാലി ലാഭമുണ്ടാകും, ഉദരവൈഷമ്യം അനുഭവപ്പെടാം, ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തികര്‍ക്ക് കൂടുതല്‍ അധികാരം നേടിയെടുക്കാന്‍ സാധിക്കും, സാമ്പത്തിക അച്ചടക്കം പാലിക്കുകയും നിക്ഷേപ പദ്ധതികളില്‍ ചേരുകയും ചെയ്യും, ലോണ്‍, ചിട്ടി എന്നിവ മുഖേന നേട്ടങ്ങളുണ്ടാകും, ബന്ധുജനങ്ങളുടെ സഹായം ഉണ്ടാകും, കുടുംബാംഗങ്ങളുമൊത്ത് വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം നടത്തും, സമൂഹത്തില്‍ ഉന്നത സ്ഥാനം ലഭിക്കും, ബന്ധുജനങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യും, അനാരോഗ്യമൂലം ആശുപത്രി വാസം വേണ്ടതായി വരും, മാതാ-പിതാക്കളുടെ ആരോഗ്യക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തും. ദോഷപരിഹാരം: ശാസ്താവിന് നീരാജനം, വിഷ്ണു ക്ഷേത്രത്തില്‍ പാല്‍പ്പായസം.
മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): വിവാഹക്കാര്യത്തില്‍ തീരുമാനമാകും, പുതിയ വാഹനം വാങ്ങുന്നതിന് യോഗം, ബന്ധുബലം വര്‍ധിക്കും, ജോലിസംബന്ധമായി ഉണ്ടായിരുന്ന പ്രതിസന്ധികളെ തരണം ചെയ്യും, വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും, കൃഷി സംബന്ധമായി നേട്ടങ്ങളുണ്ടാകും, സാമ്പത്തിക പ്രയാസങ്ങളെ തരണം ചെയ്യാന്‍ സാധിക്കും, സഹോദരങ്ങളെ സഹായിക്കേണ്ടതായി വരും, പുതിയ വ്യാപാര ബന്ധങ്ങളില്‍ നിന്നും നേട്ടങ്ങളുണ്ടാകും, ഇരുമ്പ് സംബന്ധമായ വ്യാപാരത്തില്‍ നിന്നും നേട്ടമുണ്ടാകും, പൂര്‍വിക സ്വത്ത് കൈവശം വന്നു ചേരും, വീട്ടില്‍ നിന്നും മാറി താമസിക്കേണ്ടതായി വരും, അമ്മാവന്മാരുടെ സഹായം ലഭിക്കും, സന്താനങ്ങളില്‍ നിന്നും നേട്ടങ്ങളുണ്ടാകും, ചലച്ചിത്ര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, ശ്രദ്ധേയമായ സൃഷ്ടികള്‍ പുറത്തിറക്കാന്‍ സാധിക്കും, നയനസംബന്ധമായ അസുഖങ്ങളെ കരുതിയിരിക്കണം. ദോഷപരിഹാരം: ശാസ്താവിന് നീരാജനം, ഗണപതിക്ക് കറുകമാല.
കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): അധികാരപ്രാപ്തിയുണ്ടാകും, ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും, മേലധികാരികളുടെ പ്രീതി നിമിത്തം സ്ഥാനക്കയറ്റമുണ്ടാകും, അശ്രദ്ധമൂലം അബദ്ധങ്ങള്‍ പിണയാം, സാമ്പത്തിക പ്രസായങ്ങളെ തരണം ചെയ്യും, ജീവിതപങ്കാളിക്ക് നേട്ടങ്ങളുണ്ടാകും, തൊഴിലില്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ തൊഴില്‍ ലഭിക്കുന്ന സമയമാണ്. മാതാവിന്റെ ആരോഗ്യക്കാര്യത്തില്‍ ആശങ്കയുണ്ടാകും, വാഹനം വാങ്ങുന്നതിന് യോഗമുണ്ട്, സന്താനങ്ങള്‍ക്ക് മികച്ച നേട്ടമുണ്ടാകും, ബന്ധുജനങ്ങളെ സഹായിക്കേണ്ടതായി വരും, സാമ്പത്തിക കാര്യത്തില്‍ ശ്രദ്ധ വേണം, അലസത പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും, ചെയ്യേണ്ട കാര്യങ്ങള്‍ പിന്നത്തേക്ക് മാറ്റി വയ്ക്കരുത്, നിക്ഷേപ പദ്ധതികളില്‍ ചേരും, നാല്‍ക്കാലികള്‍ മൂലം സാമ്പത്തിക നഷ്ടങ്ങളുണ്ടാകും, വാഹനത്തിന് അറ്റകുറ്റപ്പണി നടത്തേണ്ടതായി വരും. വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറണം. ദോഷപരിഹാരം: ശിവങ്കല്‍ധാര, ദേവിക്ക് കടുംപായസം.
മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കും, പ്രതിബന്ധങ്ങളെ തരണം ചെയ്ത് മുന്നോട്ടു പോകും, സാമ്പത്തിക പ്രയാസങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും, സന്താനഭാഗ്യം ഉണ്ടാകും, ആഭരണങ്ങളും പണവും കൈമോശം വരാം, പൂര്‍വിക സ്വത്ത് ലഭിക്കും, അനാവശ്യ ആധികള്‍ അനാരോഗ്യത്തിന് ഇടയാക്കുമെന്ന് കരുതി പ്രവര്‍ത്തിക്കണം, എല്ലാരംഗത്തും ചുറുചുറുക്കോടെ പ്രവര്‍ത്തിക്കും, വിദേശ ജോലിക്ക് അവസരം, ജീവിതപങ്കാളി മുഖേന നേട്ടങ്ങളുണ്ടാകും, ജീവിതത്തില്‍ വഴിത്തിരിവാകുന്ന സാഹചര്യങ്ങളുണ്ടാകും, വാഹനാപകടത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും, പുതിയ വിദ്യകള്‍ പഠിക്കാനവസരം വന്നു ചേരും, സുഹൃത്തുക്കളുടെ സഹായത്താല്‍ പുതിയ ബിസിനസ് സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും, കലാകാരന്മാര്‍ക്ക് മികച്ച നേട്ടങ്ങളുണ്ടാകും, തൊഴില്‍പരമായി നേട്ടങ്ങളുണ്ടാകും, ബന്ധുജനങ്ങളുടെ സഹായം ലഭിക്കും, ഉന്നതവ്യക്തികളുമായി അടുത്ത ബന്ധം പുലര്‍ത്തും. ദോഷപരിഹാരം: ശിവങ്കല്‍ പിന്‍വിളക്ക് ധാര, ഏകാദശി വ്രതം , വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം.
Leave a Comment