രമേഷ് പിഷാരടി ധര്‍മ്മജന്‍ കൂട്ടുകെട്ട് ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ്. ഇരുവരും ഒന്നിച്ചു ചേര്‍ന്നാല്‍ പിന്നെ ചിരിപൂരമാണ്. അതുകൊണ്ട് തന്നെ പിഷാരടി ആദ്യമായി സിനിമ സംവിധാനം ചെയ്തപ്പോള്‍ അതില്‍ ധര്‍മ്മജന് നല്ലൊരു റോള്‍ തന്നെ നല്‍കി.
തൊട്ടുപിന്നാലെ ധര്‍മ്മജന്‍ നിര്‍മ്മാതാവാകുന്ന ചിത്രത്തിന്റെ പ്രഖ്യാപനവും നടന്നു. എന്നാല്‍ പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിച്ച് ചിത്രത്തില്‍ പിഷാരടിക്ക് റോളൊന്നുമില്ല. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, വികടകുമാരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മ്മജനുമൊന്നിക്കുന്ന ചിത്രമാണിത്.
‘നിത്യഹരിത നായകന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആദിത്യക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മ്മജനൊപ്പം മനു തച്ചേടത്ത്, സുരേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് കൊല്ലങ്കോട്ട് ആരംഭിച്ചു. ജയശ്രീ, അനില, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ശ്രീജയുടെ മകള്‍ രവീണ അടക്കം നാല് നായികമാരാണുള്ളത്.
ധര്‍മ്മജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പിഷാരടി ഇല്ലെന്നുള്ളതാണ് പ്രത്യേകത. എന്നാല്‍ അതില്‍ തനിക്കൊരു പരാതിയുമില്ലെന്ന് പറഞ്ഞ് പിഷാരടിയായിരുന്നു സിനിമയുടെ പേര് അനൗണ്‍സ് ചെയ്തത്.
മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാറും നിത്യഹരിത നായകനുമായിരുന്ന പ്രേം നസീറിന്റെ ജന്മദിനമായിരുന്ന ഇന്നലെയാണ് സിനിമയുടെ പേര് പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുത്തത്. അതിനാല്‍ സിനിമ പറയുന്നത് നസീറിന്റെ ജീവിതവുമായി ബന്ധപ്പെട്ട കഥയാണെന്നാണ് സൂചന.
Leave a Comment