സ്വന്തം ആഗ്രഹത്തിനൊത്ത് ഭര്‍ത്താവിന് അടക്കിഭരിക്കാനുള്ള സ്വത്തല്ല ഭാര്യയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്വന്തം ആഗ്രഹത്തിനൊത്ത് ഭര്‍ത്താവിന് അടക്കിഭരിക്കാനുള്ള സ്വത്തല്ല ഭാര്യയെന്ന് സുപ്രീം കോടതി. ഭര്‍ത്താവിന്റെ ക്രൂരതകള്‍ക്കെതിരേ ഭാര്യ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു ഭാര്യയുടെ അഭിപ്രായം. എന്നാല്‍ ഭാര്യയോടൊപ്പം താമസിക്കണമെന്ന് ഭര്‍ത്താവ് ആഗ്രഹം പ്രകടിപ്പിച്ചു.

ഈ സന്ദര്‍ഭത്തിലാണ് തന്നോടൊപ്പം ജീവിക്കാന്‍ ഭാര്യയെ നിര്‍ബന്ധിക്കാന്‍ ഭര്‍ത്താവിനാവില്ലെന്ന് കോടതി നിരീക്ഷിച്ചത്. സ്വന്തം ആഗ്രഹത്തിനനുസരിച്ച് ഭര്‍ത്താവിന് അടക്കിഭരിക്കാവുന്ന ഒരു വസ്തുവോ സ്വത്തോ അല്ല ഭാര്യയെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

‘ഭാര്യ സ്വത്തല്ല. നിങ്ങള്‍ക്കവളെ നിര്‍ബന്ധിക്കാനാവില്ല. അവര്‍ക്ക് നിങ്ങളോടൊപ്പം ജീവിക്കാന്‍ താത്പര്യമില്ല. അവളോടൊപ്പം കഴിയണമെന്ന് നിങ്ങള്‍ക്കെങ്ങനെയാണ് പറയാന്‍ കഴിയുക’, മദന്‍ ബി ലോക്കൂറിന്റെയും ദീപക് ഗുപ്തയുടെയും അധ്യക്ഷതയിലുള്ള ബെഞ്ച് ചോദിച്ചു.

ആഗ്രഹം പുനപരിശോധിക്കണമെന്ന് കോടതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. ‘ഇത്ര വിവേക ശൂന്യനാവാന്‍ ഒരാള്‍ക്ക് കഴിയുമോ. ഇയാള്‍ ഭാര്യയെ ജംഗമസ്വത്തായാണ് പരിഗണിക്കുന്നത്. അവര്‍ ഒരു വസ്തുവല്ല’, കോടതി ഭര്‍ത്താവിന്റെ അഭിഭാഷകനോട് പറഞ്ഞു.

pathram desk 1:
Related Post
Leave a Comment