ന്യൂഡല്‍ഹി: കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തില്‍ സുപ്രധാനമായ ധനകാര്യ വകുപ്പിന്റെ ചുമതല പ്രധാനമന്ത്രിയുടെ ഓഫീസിന്. വകുപ്പ് താല്‍ക്കാലികമായി ഏറ്റെടുക്കുമെന്നും തല്‍ക്കാലത്തേക്ക് മറ്റ് മന്ത്രിമാരെയൊന്നും വകുപ്പ് ചുമതല ഏല്‍പ്പിക്കില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അരുണ്‍ ജെയ്റ്റിലിയ്ക്ക് അടുത്ത മൂന്ന് മാസത്തേക്ക് പൂര്‍ണ വിശ്രമം ആവശ്യമാണെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചിരിക്കുന്നത്.
ധനകാര്യ വകുപ്പ് സെക്രട്ടറി ഹാസ്മുഖ് അദിയയാണ് ജെയ്റ്റ്ലിയുടെ അഭാവത്തില്‍ വകുപ്പിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനും ദീര്‍ഘകാലമായി മോദിയുടെ വിശ്വസ്തനുമായ അദിയ, ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദിവസവും മോദിയുമായി ചര്‍ച്ച ചെയ്യും.
പൊതുതെരഞ്ഞെടുപ്പ് കാലമായതുകൊണ്ട് തന്നെ സുപ്രധാന വകുപ്പായ ധനകാര്യം മറ്റ് മന്ത്രിമാരെ ആരെയും വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ മോദിക്ക് കഴിയില്ല. അതേസമയം ജെയ്റ്റ്ലി തന്നെ കൈകാര്യം ചെയ്തിരുന്ന കോര്‍പ്പറേറ്റ് അഫയേഴ്സിന്റെ ചുമതല താല്‍ക്കാലികമായി മറ്റാര്‍ക്കെങ്കിലും നല്‍കും.
ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യസ്ഥിതി വീണ്ടെടുക്കാന്‍ ജെയ്റ്റ്ലി നിര്‍ബന്ധമായും മൂന്ന് മാസം അവധിയില്‍ പ്രവേശിക്കണമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ സന്ദീപ് ഗുലെറിയ നിര്‍ദേശിക്കുകയായിരുന്നു. വെള്ളിയാഴ്ച ജെയ്റ്റ്ലിയെ പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ വെള്ളമുള്ളതായും ഇത് വൃക്ക തകരാറിലായതിന്റെ പാര്‍ശ്വഫലമാണെന്നും ഡോക്ടര്‍ അറിയിച്ചിരുന്നു. അദ്ദേഹത്തിന് ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.
സര്‍ക്കാരിനെ നയിക്കുന്നതില്‍ തന്റെ പ്രധാന സഹായിയായ ജെയ്റ്റ്ലിക്ക് മാറിനില്‍ക്കേണ്ടി വരുന്നതില്‍ മോദിക്ക് വലിയ ആശങ്കയുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. 2019ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പ്രധാനമന്ത്രിക്ക് ധനകാര്യ മന്ത്രാലയത്തിലെ ക്ഷേമചെലവുകളില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ടിവരും. നോര്‍ത്ത് ബ്ലോക്കിലെ ഉദ്യോഗസ്ഥര്‍ ഇതിനായി പ്രധാനമന്ത്രിയെ സഹായിക്കും. ചില ബിജെപി മന്ത്രിമാര്‍ക്ക് ധനകാര്യ വകുപ്പില്‍ കണ്ണുണ്ടായിരുന്നു. എന്നാല്‍ മോദിയുടെ തീരുമാനം അവരുടെ ആഗ്രഹത്തിന് തിരിച്ചടിയായിരിക്കുകയാണ്.
Leave a Comment