കേരളത്തെ ഞെട്ടിച്ച നഗ്നമോര്‍ഫിങ്; വടകരയിലെ സ്റ്റുഡിയോയില്‍ സംഭവിച്ച കഥകള്‍ വെളിപ്പെടുത്തി വീട്ടമ്മമാര്‍; ഹാര്‍ഡ് ഡിസ്‌കില്‍ 46,000 നഗ്നചിത്രങ്ങള്‍

വടകര: വിവാഹ വീഡിയോയിലെ സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. ഇരയായ വീട്ടമ്മമാര്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി. സ്റ്റുഡിയോയിലെ എഡിറ്റര്‍ ബിബീഷിന്റെ പരിചയക്കാരും അയല്‍വാസികളുമായ സ്ത്രീകള്‍ക്കാണ് ദുരനുഭവമുണ്ടായത്. സംഭവം ഇപ്പോഴും ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് തന്റെ ചിത്രം മോര്‍ഫ് ചെയ്യപ്പെട്ട ഒരു വീട്ടമ്മ പറഞ്ഞു. വടകരയിലെ സദയം സ്റ്റുഡിയോയില്‍ നിന്നുമാണ് സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ വ്യാപകമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കപ്പെട്ടത്. തങ്ങളുടെ അയല്‍വാസിയും പരിചയക്കാരനുമായ ബിബീഷില്‍ നിന്ന് തന്നെ ഇത്തരമൊരു പ്രവര്‍ത്തി ഉണ്ടായതിന്റെ ഞെട്ടലിലാണ് പ്രദേശത്തെ സ്ത്രീകള്‍.

വിവാഹ ചടങ്ങുകളില്‍ നിന്ന് പകര്‍ത്തുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ബിബീഷ് വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലുകള്‍ സൃഷ്ടിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സ്മാര്‍ട്ട്‌ഫോണ്‍ എന്താണെന്ന് പോലും അറിയാത്ത സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. വ്യാജ പ്രൊഫൈലുകളുടെ മറവില്‍ ഇയാള്‍ പലരോടും ചാറ്റ് ചെയ്തിരുന്നു. സുഹൃത്തുക്കള്‍ പറഞ്ഞാണ് തന്റെ വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ നിലവിലുള്ളതായി അറിഞ്ഞതെന്ന് മറ്റൊരു വീട്ടമ്മ വെളിപ്പെടുത്തി. ഇതേതുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. എന്നാല്‍ നാല് മാസം മുന്‍പ് പരാതി നല്‍കിയിട്ടും പോലീസ് ഇടപെട്ടില്ലെന്നും വീട്ടമ്മമാര്‍ പറയുന്നു.

തന്റെ നഗ്‌നചിത്രം ബിബീഷിന്റെ ഹാര്‍ഡ് ഡിസ്‌കിലുണ്ടെന്ന് സ്റ്റുഡിയോ ഉടമ തന്നെ പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്ന് മറ്റൊരു വീട്ടമ്മ വെളിപ്പെടുത്തി. സ്റ്റുഡിയോ ഉടമയുമായി വഴക്കിട്ട് ബിബീഷ് പിരിഞ്ഞുപോയപ്പോഴാണ് ഇയാള്‍ ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞത്. ഇതേതുടര്‍ന്ന് ഇയാളുടെ ഹാര്‍ഡ് ഡിസ്‌ക് ആവശ്യപ്പെട്ടു. എന്നാല്‍ തരില്ലെന്നായിരുന്നു നിലപാട്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയതോടെ ഹാര്‍ഡ് ഡിസ്‌ക് നല്‍കി. നോക്കരുതെന്ന ഉറപ്പിലാണ് ഹാര്‍ഡ് ഡിസ്‌ക് നല്‍കിയത്. എന്നാല്‍ ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചപ്പോള്‍ നാട്ടിലെ ഒട്ടുമിക്ക സ്ത്രീകളുടേയും നഗ്‌നചിത്രങ്ങള്‍ അതിലുണ്ടെന്ന് വ്യക്തമായി. പൂര്‍ണ നഗ്‌നചിത്രങ്ങളാണുണ്ടായിരുന്നത്. ഇയാളുടെ ഹാര്‍ഡ് ഡിസ്‌കില്‍ 46,000 ചിത്രങ്ങളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങള്‍ മുതല്‍ ഇയാളുടെ ഹാര്‍ഡ് ഡിസ്‌കിലുണ്ട്. ഇവ പിന്നീട് എപ്പോഴെങ്കിലും പുറത്തുവന്നാല്‍ കുട്ടികളുടെ ഭാവി ജീവിതത്തെപ്പോലും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് വീട്ടമ്മമാര്‍. ചിലരുടെയെല്ലാം ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യാതെ അവരുടെ പേരിലുള്ള ഫോള്‍ഡറുകള്‍ സൃഷ്ടിച്ച് അതില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇപ്രകാരം ചെയ്തത് എന്തിനാണെന്ന് വ്യക്തമായിട്ടില്ല. താന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത മുഴുവന്‍ ചിത്രങ്ങളും ബിബീഷിന്റെ ഹാര്‍ഡ് ഡിസ്‌കില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ഇരയായ ഒരു വീട്ടമ്മ പറഞ്ഞു. ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ പോലും ഭര്‍ത്താവിനെ വെട്ടിമാറ്റിയ ശേഷം സേവ് ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളൊക്കെ ഏതെല്ലാം വിധത്തില്‍ ദുരുപയോഗം ചെയ്തിട്ടുണ്ടാകാമെന്ന ആശങ്കയിലാണ് നാട്ടിലെ സ്ത്രീകള്‍.

ഉപജീവനത്തിനായി സ്റ്റുഡിയോ നടത്തുന്നവരെ പോലും മോശക്കാരായി ചിത്രീകരിക്കുന്ന നീക്കമാണ് വടകരയിലെ സ്റ്റുഡിയോ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് നാട്ടുകാര്‍ തന്നെ അഭിപ്രായപ്പെടുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരേയും അടച്ചാക്ഷേപിക്കാന്‍ തങ്ങള്‍ തയ്യാറല്ല. ഈ സംഭവത്തില്‍ കുറ്റക്കാരെ ശിക്ഷിക്കുന്നതിന് ഏതറ്റം വരേയും പോകാനാണ് നാട്ടുകാരുടെ തീരുമാനം.

pathram:
Related Post
Leave a Comment