കൊച്ചി: കേരള സര്‍വകലാശാല കലോത്സവത്തില്‍ മത്സരഫലം അട്ടിമറിച്ചെന്ന ആരോപണത്തിനെതിരേ നടി മഹാലക്ഷ്മി രംഗത്ത്. ആരോപണങ്ങള്‍ തെറ്റാണെന്നും നിയമപരമായി അനുവാദമുള്ള അപ്പീല്‍ നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും മഹാലക്ഷ്മി ഫെയ്സ്ബുക്ക് ലൈവില്‍ വ്യക്തമാക്കി. പൊട്ടിക്കരഞ്ഞുകൊണ്ടാണ് മഹാലക്ഷ്മി ലൈവില്‍ എത്തിയത്.
കഴിഞ്ഞ ദിവസം കൊല്ലത്ത് സമാപിച്ച കലോത്സവത്തില്‍ കഥാപ്രസംഗത്തിലും കുച്ചിപ്പുഡിയിലും വിജയികളുടെ പട്ടികയില്‍ ഇല്ലാതിരുന്ന മഹാലക്ഷ്മിയ്ക്ക് ഈ രണ്ടിനകളിലും ഒന്നാം സ്ഥാനം ലഭിച്ചതാണ് മത്സരം അട്ടിമറിച്ചെന്നുള്ള വിവാദങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ മാധ്യമങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കാതെയാണ് തനിക്കെതിരേ വാര്‍ത്ത കൊടുത്തതെന്നാണ് മഹാലക്ഷ്മി പറയുന്നത്. താന്‍ കള്ളം കാണിച്ചിട്ടുണ്ടെങ്കില്‍ അത് തെളിയിക്കണമെന്നും മാധ്യമങ്ങളോട് മഹാലക്ഷ്മി പറഞ്ഞു. മറ്റു കോളേജിലെ പെണ്‍കുട്ടികള്‍ എന്തിനാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് അറിയില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീട് വീഡിയോ പേജില്‍ നിന്ന് നീക്കം ചെയ്തു.
കലാകാരിയായ ഉഷ തെങ്ങിന്‍തൊടിയിലിനൊപ്പമാണ് മഹാലക്ഷ്മി ഫെയ്സ്ബുക്ക് ലൈവില്‍ എത്തിയത്. ഇവര്‍ മാധ്യമങ്ങളെ രൂക്ഷമായാണ് വിമര്‍ശിച്ചത്. മഹാലക്ഷ്മി ലോകം അറിയുന്ന കലാകാരിയാണെന്നും കലോത്സവത്തില്‍ കലാതിലകം നേടിയിട്ടു വേണ്ട അവര്‍ക്ക് താരമാകാനെന്നും ഉഷ പറഞ്ഞു. എല്ലാവര്‍ക്കുമറിയാവുന്ന കലാകാരിയാണ് മഹാലക്ഷ്മി അതിനാല്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ അവളെ വിളിച്ചു വാസ്തവം ചോദിച്ചറിയാതെ തോന്നിയത് എഴുതിപ്പിടിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്ന അവര്‍ ആരോപിച്ചു.
ഏഴ് മത്സരത്തില്‍ അവള്‍ മാറ്റുരച്ചതാണ്. മത്സരങ്ങളില്‍ ഒരു സ്ഥാനവും ലഭിക്കാത്തവര്‍ക്ക് അപ്പീല്‍ വഴി രണ്ടും മൂന്നും സ്ഥാനം കിട്ടിയത് ആര്‍ക്കും പ്രശ്നമല്ല. മഹാലക്ഷ്മിക്ക് കലാതിലക പട്ടം കിട്ടിയിട്ട് വേണ്ട താരമാകാന്‍. അവള്‍ സൂര്യ കൃഷ്ണമൂര്‍ത്തിയെ പോലുള്ള പ്രതിഭകളിലൂടെ കൂടെ വിദേശത്തുള്‍പ്പടെ നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള വ്യക്തിയാണ്. ഉഷ പറഞ്ഞു.
Leave a Comment