ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറിന്റെ നമ്മ ബംഗളുരു ഫൗണ്ടേഷന്‍ അവാര്‍ഡ് നിഷേധിച്ച് ഐജി രൂപ

ബംഗളുരു: ഐജി രൂപ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഐജി രൂപയെ അത്രപ്പെട്ടന്ന് ആരും മറക്കില്ല. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ എഐഎഡിഎംകെ വിമത നേതാവ് വികെ ശശികലയ്ക്ക് പ്രത്യേക സൗകര്യങ്ങളനുവദിക്കുന്നതിനെതിരെ റിപ്പോര്‍ട്ട് നല്‍കി ശ്രദ്ധ നേടിയ പോലീസ് ഉദ്യോഗസ്ഥയാണ് രൂപ. ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും എന്‍ഡിഎ കേരള ഘടകം നേതാവുമായ രാജീവ് ചന്ദ്രശേഖറിന്റെ നമ്മ ബംഗളുരു ഫൗണ്ടേഷന്റെ അവാര്‍ഡ് നിഷേധിച്ചാണ് രൂപ ഇത്തവണ സ്റ്റാറായിമാറിയിരിക്കുന്നത്.അവാര്‍ഡ് തുക വളരെ കൂടുതലാണെന്നതും, രാഷ്ട്രീയ താല്‍പര്യങ്ങളില്‍ നിന്ന് അകന്ന് ജനസേവനം നടത്തേണ്ടവരാണ് സര്‍ക്കാര്‍ ജീവനക്കാരെന്നും വ്യക്തമാക്കിയാണ് രൂപ അവാര്‍ഡ് നിഷേധിച്ചത്.
അവാര്‍ഡ് തുക വളരെക്കൂടുതലായതിനാല്‍ നമ്മ ബംഗളൂരു അവാര്‍ഡ് നിഷേധിക്കുകയാണ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്ന നിലപാടാണ് തന്നെ ഈ തീരുമാനത്തിലെത്തിച്ചത്. എല്ലാവിധ രാഷ്ട്രീയ താല്‍പര്യങ്ങളില്‍ നിന്നും അകന്ന് നിന്ന് ജനസേവനം നടത്തേണ്ടവരാണ് സര്‍ക്കാര്‍ ജീവനക്കാര്‍. രാഷ്ട്രീയതാല്‍പര്യങ്ങളുള്ള സംഘടനകളോടും ഈ നിലപാട് സ്വീകരിക്കാന്‍ അവര്‍ തയ്യാറാവണം. എങ്കില്‍ മാത്രമേ പൊതുജനങ്ങളുടെ കണ്ണില്‍ അവര്‍ സുതാര്യരാവുകയുള്ളു. അവാര്‍ഡ് നിരസിച്ചുകൊണ്ട് നമ്മ ബംഗളൂരു ഫൗണ്ടേഷന് അയച്ച കത്തില്‍ രൂപ പറഞ്ഞു.
ബംഗളൂരു ജയിലില്‍ വികെ ശശികലയ്ക്ക് പ്രത്യേക സൗകര്യങ്ങളനുവദിക്കുന്നതിനെതിരെ റിപ്പോര്‍ട്ട് നല്കിയതിലൂടെ ശ്രദ്ധിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥയാണ് രൂപ. ഏഴ് പേരില്‍ നിന്നാണ് ഗവണ്‍മെന്റ് ഒഫീഷ്യല്‍ ഓഫ് ദ ഇയര്‍ ആയി രൂപയെ തിരഞ്ഞെടുത്തത്. രണ്ട് ലക്ഷം രൂപയാണ് അവാര്‍ഡ് തുക.

pathram:
Leave a Comment