കൊച്ചി: ആധാര്‍ കാര്‍ഡിനായി നല്‍കിയ വിവരങ്ങള്‍ പുറത്താകുമ്പോഴേ ഇവിടെ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുള്ളൂവെന്നും യുഎസ് വിസയ്ക്കായി പത്തു പേജ് വരുന്ന പോമില്‍ ഭാര്യയോട് പോലും പറയാത്ത കാര്യങ്ങള്‍ വെളിപ്പെടുത്താനും വെള്ളക്കാരന് മുന്നില്‍ നഗ്നരായി നില്‍ക്കാനും ആളുകള്‍ക്ക് മടിയില്ലെന്ന് കേന്ദ്ര ഐടി സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തിലെ ആദ്യ ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായത് ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ വിപ്ലവമാണ്. ആധാര്‍ ലോകത്തെ എറ്റവും വലിയ ഡിജിറ്റല്‍ എക്സര്‍സൈസും. ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നെന്ന രീതിയില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ‘ആധാര്‍ വിവരങ്ങള്‍ എന്ന പേരില്‍ പുറത്തുവരുന്നത് പേരും വിലാസവുമൊക്കെയാണ്. എവിടെയും ചോദിക്കുന്ന ഇമെയില്‍ ഐഡി പോലും ആധാറിനായി നല്‍കേണ്ടതില്ല. വിരലടയാളവും കൃഷ്ണമണിയും ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ ചോര്‍ന്ന ഒരു കേസുപോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല’ കണ്ണന്താനം പറഞ്ഞു.
‘അമേരിക്കന്‍ വിസയ്ക്കായുള്ള അപേക്ഷയില്‍ പത്തു പേജാണ് പൂരിപ്പിക്കാനുണ്ടായിരുന്നത്. എന്റെ മുത്തച്ഛന്‍ ഹണിമൂണിന് പോയത് എവിടെയാണെന്നത് ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ അതിലുണ്ടായിരുന്നു. കഴിഞ്ഞ മുപ്പത് വര്‍ഷം ഞാനെവിടെയൊക്കെ എന്തിന് സഞ്ചരിച്ചു എന്നതിന്റെ കൃത്യമായ ഡേറ്റ് ഉള്‍പ്പെടെയുള്ള, നമ്മള്‍ ഭാര്യയോടോ ഭര്‍ത്താവിനോടോ പോലും പറയാത്ത, വിവരങ്ങള്‍ വെള്ളക്കാരന് നല്‍കാന്‍ നമുക്കൊരു വിഷമവുമില്ല. അവിടെ ഫിംഗര്‍പ്രിന്റ് എടുക്കുന്നതിലോ കൃഷ്മണി സ്‌കാന്‍ ചെയ്യുന്നതിലോ വെള്ളക്കാരന് മുന്നില്‍ നഗ്നരായി നില്‍ക്കുന്നതിലോ നമുക്കൊരു പ്രശ്നവുമില്ല. പക്ഷേ, ഇന്ത്യന്‍ ഗവണ്‍മെന്റ്, നിങ്ങളുടെ സ്വന്തം ഗവണ്‍മെന്റ് നിങ്ങളുടെ പേരും വിലാസവും ചോദിക്കുമ്പോഴേക്കും അത് വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞ് സമരം തുടങ്ങുകയാണെന്നും’ കേന്ദ്രമന്ത്രി പറഞ്ഞു.
Leave a Comment