ഡീസല്‍ തീര്‍ന്നോ..? ഒരു ഫോണ്‍ കോള്‍ മതി, ഇന്ധനം വീട്ടിലെത്തും…..!

മുംബൈ: ഒന്നു ഫോണ്‍ ചെയ്താല്‍ മതി, ഇനി ഡീസലും വീട്ടുമുറ്റത്തെത്തും. രാജ്യത്തെ വലിയ പെട്രോളിയം കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) ആണ് നൂതന സംരംഭവുമായി രംഗത്തെത്തിയത്. മഹാരാഷ്ട്രയിലെ പുനെയില്‍ തുടങ്ങിയ പദ്ധതി വൈകാതെ രാജ്യമാകെ നടപ്പാക്കാനാണ് നീക്കം.
ടാങ്കറും പമ്പുകളിലെ അതേ മാതൃകയിലുള്ള മീറ്ററുമുള്ള വാഹനമാണ് ഉപയോക്താവ് ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തുക. ഗ്രാമങ്ങളിലും ദൂരദേശങ്ങളിലുമുള്ള ആളുകള്‍ക്ക് ഇന്ധനം കിട്ടാനുള്ള പ്രയാസം പരിഹരിക്കുകയാണു പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്നു ഐഒസി വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, പമ്പില്‍നിന്നു ലഭിക്കുന്ന അതേ വിലയിലാണോ ഡീസല്‍ ലഭിക്കുക, ഒരാള്‍ക്ക് എത്ര അളവ് കിട്ടും തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല. പ്രത്യേകം തയാറാക്കിയ വാഹനത്തിലായിരിക്കും ഇന്ധനം എത്തിക്കുക. ആദ്യഘട്ടത്തില്‍ ഡീസല്‍ മാത്രമായിരിക്കും ഇത്തരത്തില്‍ വിതരണം ചെയ്യുക. ഇത് സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ഐഒസി പുറത്തുവിട്ടിട്ടില്ല.

pathram:
Related Post
Leave a Comment