മാപ്പു പറയാന്‍ കെജ്രിവാളിന്റെ ജീവിതം ഇനിയും ബാക്കി; ഗഡ്കരിയോടും മാപ്പു പറഞ്ഞു; ഇനിയുള്ളത് 33 കേസുകള്‍

ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ നിന്ന് രക്ഷപെടാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും മാപ്പ് പറഞ്ഞ് തടിയൂരി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോടാണ് ഇത്തവണ കെജ്‌രിവാള്‍ മാപ്പ് പറഞ്ഞത്. ഗഡ്കരി അഴിമതിക്കാരനാണെന്ന ആരോപണമാണ് കെജ്‌രിവാള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞത്. ആരോപണം ഉന്നയിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി കാണിച്ച് ഗഡ്കരിക്ക് കെജ്‌രിവാള്‍ കത്തയച്ചു. കെജ്‌രിവാള്‍ മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ നിതിന്‍ ഗഡ്കരി കേസ് പിന്‍വലിക്കും.
താങ്കളെക്കുറിച്ച് ഞാന്‍ ചില പ്രസ്താവനകള്‍ നടത്തിയത് കാര്യങ്ങള്‍ വേണ്ടത്ര മനസിലാക്കാതെയായിരുന്നു. താങ്കളോട് വ്യക്തിപരമായ യാതൊരു വിദ്വേഷമോ വെറുപ്പോ ഇല്ല. സംഭവത്തില്‍ ഞാന്‍ ഖേദിക്കുന്നു. ഈ പ്രശ്‌നം ഇവിടെവച്ച് അവസാനിപ്പിക്കുകയും കോടതി നടപടികള്‍ അവസാനിപ്പിക്കണമെന്നും കെജ്‌രിവാള്‍ തന്റെ കത്തില്‍ പറയുന്നു. കേസ് പിന്‍വലിക്കുന്നതിന് പാട്യാല ഹൗസ് കോടതിയില്‍ ഇരുവരും സംയുക്ത ഹര്‍ജി നല്‍കി.
2014ലാണ് കേസിനാസ്പദമായ വിവാദ പ്രസ്താവന നടത്തിയത്. ഗഡ്കരി രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനാണെന്നായിരുന്നു പ്രസ്താവന. ഇതിനെതിരെ ഗഡ്കരി മാനനഷ്ടത്തിന് കേസ് നല്‍കുകയായിരുന്നു. നേരത്തെ അകാലിദള്‍ നേതാവ് വിക്രം മജീദിയക്കെതിരെ ഉന്നയിച്ച ആരോപണം പിന്‍വലിച്ച് കെജ്‌രിവാള്‍ മാപ്പ് പറഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ച് എ.എ.പി നേതാക്കളായ ഭഗവത് മന്‍, അമന്‍ അറോറ എന്നിവര്‍ പാര്‍ട്ടി വിടുകയും ചെയ്തിരുന്നു.
അരവിന്ദ് കെജ്‌രിവാളിനെതിരെ വിവിധ കോടതികളിലായി 33 മാനനഷ്ടക്കേസുകള്‍ നിലവിലുണ്ട്. ഈ കേസുകളിലെല്ലാം ആരോപണം പിന്‍വലിച്ച് മാപ്പ് പറഞ്ഞ് കേസ് അവസാനിപ്പിക്കാനുള്ള നീക്കമാണ് കെജ്‌രിവാള്‍ നടത്തുന്നത്.

pathram:
Leave a Comment