‘ഇത് കേന്ദ്രസര്‍ക്കാരിനുള്ള ഒരു സാമ്പിള്‍ വെടികെട്ട് മാത്രം, ജയത്തില്‍ മായാവതിയോട് നന്ദി’ :അഖിലേഷ് യാദവ്

ലക്നൗ: ഗോരഖ്പൂരിലേയും ഫൂല്‍പൂരിലേയും വിജയത്തിന് വോട്ടര്‍മാര്‍ക്കും ബി.എസ്.പിയ്ക്കും നന്ദി പറഞ്ഞ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബി.ജെ.പിയ്ക്കും അവരുടെ ദുര്‍ഭരണത്തിനുമെതിരെ ജനങ്ങള്‍ ഒന്നിച്ചു വോട്ടുചെയ്തതിന്റെ ഫലമാണ് തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നിലെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് ഫലം കേന്ദ്രസര്‍ക്കാരിനു കൂടിയുള്ള മുന്നറിയിപ്പാണെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിന് മുന്‍പ് നല്‍കിയ വാഗ്ദാനങ്ങളൊന്നു പോലും പാലിക്കാന്‍ യോഗി സര്‍ക്കാരിനായില്ലെന്നും അഖിലേഷ് പറഞ്ഞു.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രിയുടെ മണ്ഡലമായ ഫുല്‍പൂരിലും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. രണ്ടിടത്തും എസ്.പി വിജയിച്ചു.

യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലത്തിലെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഫുല്‍പൂരിലെയും തിരിച്ചടി ബി.ജെ.പി ദേശീയ നേതൃത്വത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മത്സരിച്ച മണ്ഡലമാണ് ഫുല്‍പൂര്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് യോഗി ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും രാജിവച്ചതിനെ തുടര്‍ന്നാണ് യു.പിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.

pathram desk 2:
Related Post
Leave a Comment